കെജ്രിവാളിന് ജാമ്യമില്ല

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. ഇ.ഡിയുടെ വാദങ്ങള്‍ അംഗീകരിച്ച വിചാരണ കോടതി ആറു ദിവസം കസ്റ്റഡിയില്‍ വിട്ടു.
പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയില്‍ മൂന്നര മണിക്കൂര്‍ നീണ്ട വാദമാണ് നടന്നത്. വന്‍ സുരക്ഷ വിചാരണ കോടതി പരിസരത്ത് ഒരുക്കിയിരുന്നു. കെജ്രിവാളിന് വേണ്ടി അഭിഭാഷകരായ മനു അഭിഷേക് സിങ്‌വിയും വിക്രം ചൗധരിയും രമേഷ് ഗുപ്തയും ഹാജരായി.

മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ കെജ്‌രിവാള്‍ ആണെന്ന് ഇ.ഡി വാദിച്ചു. ഗൂഢാലോചന മുഴുവന്‍ നടത്തിയത് കേജ്‌രിവാളാണ്. സൗത്ത് ഗ്രൂപ്പില്‍നിന്ന് കോഴ ചോദിച്ചുവാങ്ങി. കോടിക്കണക്കിന് രൂപ ഉണ്ടാക്കി. ഈ പണം ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഉപയോഗിച്ചു. മനീഷ് സിസോദിയയുമായി ചേര്‍ന്നാണ് കെജ്രിവാള്‍ ഗൂഢാലോചന നടത്തിയത്. ഇതിന്റെ സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും കൈവശമുണ്ട് -എന്നിങ്ങനെയായിരുന്നു ഇ.ഡിയുടെ വാദങ്ങള്‍.

മാപ്പുസാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ ആരോപണമെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകര്‍ വാദിച്ചു. മാപ്പു സാക്ഷികളെ വിശ്വസിക്കാനാകില്ലെന്നും അടിയന്തര അറസ്റ്റിനുള്ള സാഹചര്യമെന്തെന്ന് ഇ.ഡി. വ്യക്തമാക്കുന്നില്ലെന്നും കെജ്‌രിവാളിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

വ്യാഴാഴ്ച രാത്രി 9.15ഓടെയാണ് ഇ.ഡി സംഘം കെജ്രിവാളിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രി ഇ.ഡിയുടെ ലോക്കപ്പിലാണ് ഡല്‍ഹി മുഖ്യമന്ത്രി കഴിച്ചു കൂട്ടിയത്. ഇന്ന് രാവിലെ അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയെങ്കിലും വിചാരണ കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ഇത് പിന്‍വലിച്ചു.

തന്റെ ജീവിതം രാഷ്ട്രത്തിന് വേണ്ടി സമര്‍പ്പിച്ചതാണെന്നും രാഷ്ട്രത്തിന് വേണ്ടിയുള്ള സേവനം തുടരുമെന്നുമാണ് അറസ്റ്റിന് ശേഷം അദ്ദേഹം പ്രതികരിച്ചത്. കെജ്രിവാള്‍ ജയിലിലിരുന്ന് ഭരിക്കുമെന്നാണ് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചത്. എന്നാല്‍, ഇതിന്റെ നിയമസാധുത ലഫ്റ്റനന്റ് ഗവര്‍ണറും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പരിശോധിക്കുന്നുണ്ട്.