അറബ് ഭാഷ അറിയാത്തവര്‍ക്ക് സൗദിയില്‍ കേസുകള്‍ നടത്താന്‍ സഹായിക്കാന്‍ പുതിയ സംവിധാനം

ജിദ്ദ: അറബ് ഭാഷ അറിയാത്തവര്‍ക്ക് സൗദിയില്‍ കേസുകള്‍ നടത്താന്‍ സഹായിക്കാന്‍ പുതിയ സംവിധാനം. ഇവര്‍ക്ക് എളുപ്പത്തില്‍ നീതിന്യായ സേവനം ലഭ്യമാക്കല്‍ ലക്ഷ്യമിട്ടാണ് പുതിയ സേവനം സൗദി അറേബ്യ ആരംഭിച്ചിട്ടുള്ളത്. നാജിസ് പ്ളാറ്റ്ഫോം വഴി ബഹുഭാഷാ സേവനം ആവശ്യമുള്ളവര്‍ക്ക് വിവിധ ഭാഷാ വ്യാഖ്യാതാക്കളുടെ സേവനത്തിനായി അപേക്ഷിക്കാനാകും. പുതിയ സേവനം ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് നീതിന്യായ മന്ത്രാലയം ആരംഭിച്ചിട്ടുള്ളത്.

കോടതികളിലും മറ്റും കേസുകള്‍ വാദിക്കുമ്പോള്‍ അറബി ഭാഷ സംസാരിക്കാനറിയാത്തവര്‍ക്ക് നീതിന്യായ സേവനം ഉറപ്പാക്കുകയാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം. ഈ സേവനം ലഭ്യമാകുന്നതിലൂടെ കോടതി നടപടിക്രമങ്ങള്‍ സുഗമമാക്കുവാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വിചാരണാവേളയില്‍ ജുഡീഷ്യല്‍ വകുപ്പുമായും കേസിലെ കക്ഷികളുമായും വാദിക്കാനും ആശയവിനിമയം നടത്തുവാനും സഹായിക്കുന്നതിന് മാതൃഭാഷയില്‍ ഒരു ദ്വിഭാഷിയെ അഭ്യര്‍ഥിക്കാന്‍ ഈ ഇലക്ട്രോണിക് സേവനം ഗുണഭോക്താക്കളെ സഹായിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.

ദ്വിഭാഷി സേവനം ആഗ്രഹിക്കുന്നവര്‍ WanhK.sa എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യണം. ആവശ്യമായ ഭാഷ തിരഞ്ഞെടുത്ത് ഫോം പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ സേവനം ലഭ്യമാകും. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ആവശ്യമായ സേവനം നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കോടതി നടപടികളും കേസുകളും തീര്‍പ്പാക്കുന്നതിലെ സമയവും പരിശ്രമവും ലാഭിച്ച് ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. 20-ലധികം ഭാഷാവിവര്‍ത്തകരുടെ സേവനമാണ് ഒരുക്കിയിട്ടുള്ളത്. എന്നാല്‍ സേവനത്തിനു പണം ഇടാക്കുമോ ഇല്ലയോ എന്ന കാര്യം അധികൃതല്‍ വ്യക്തമാക്കിയിട്ടില്ല.