റിയാദ്: ഇത് ഇന്ത്യയിലെ രണ്ടായിരത്തിന്റെ നോട്ടിലെ ചിപ്പല്ല; പാസ്പോര്ട്ടില് ചിപ്പുമായി സൗദി അറേബ്യ. രണ്ടായിരത്തിന്റെ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന വാദം ഇന്ത്യയിലായിരുന്നു. എന്നാല്‍ നോട്ട് ഇറങ്ങിയപ്പോള്‍ ചിപ്പ് കാണാനേ ഇല്ല. പാസ്പോര്ട്ടില് ചിപ്പ് ഘടിപ്പിച്ച വ്യത്യസ്തമാവുകയാണ് സൗദി അറേബ്യ.
പൗരന്മാരുടെ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ അറിയാന്‍ ഇനി അതിന്റെ പേജുകള്‍ മറിച്ചുനോക്കേണ്ടി വരില്ല. പകരം അതിലെ ഇലക്ട്രോണിക് ഡാറ്റ ചിപ്പ് സ്കാന്‍ ചെയ്താല്‍ വിവരങ്ങള്‍ കംപ്യൂട്ടറില്‍ തെളിയും. അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ പുതിയ സുരക്ഷാ സംവിധാനങ്ങളുമായി പുതിയ ഇലക്ട്രോണിക് പാസ്പോര്‍ട്ട് പുറത്തിറക്കിയതോടെയാണിത്. ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന് പുതിയ ഇ പാസ്പോര്‍ട്ട് പ്രകാശനം ചെയ്തു.
സാധാരണ രീതിയിലുള്ള പാസ്പോര്ട്ടില് നിന്ന് പൂര്‍ണമായും ഇലക്ട്രോണിക് രീതിയിലേക്കുള്ള മാറ്റത്തിന്റെ ആദ്യ ഘട്ടമാണ് പുതിയ ഇ പാസ്പോര്‍ട്ടിലൂടെ സാധ്യമായിരിക്കുന്നതെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്പോര്‍ട്സ് (ജവാസാത്ത്) അസിസ്റ്റന്റ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഖാലിദ് അല്‍ സിഖാന്‍ അറിയിച്ചു. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സംഘടനകളുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ഉന്നത സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയാണ് പുതിയ പാസ്പോര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.