ഒറ്റയ്ക്ക് വിമാനം ഓടിച്ച് ലോകം ചുറ്റാനിറങ്ങിയ 19കാരി

ഒരു ചെറുവിമാനത്തില്‍ ഒറ്റയ്ക്ക് ലോകം ചുറ്റാനിറങ്ങിയ 19 വയസുകാരിയായ ബെല്‍ജിയം സ്വദേശി സാറ റഥര്‍ഫോര്‍ഡിന്റെ അനുഭവമാണിത്.


‘സൈബീരിയയുടെ മുകളിലൂടെ പറക്കുമ്പോള്‍ മൈനസ് 35 ഡിഗ്രി തണുപ്പ്. എന്‍ജിന്‍ ഓഫായാല്‍ ജീവിതം ബാക്കിയുണ്ടാവില്ല. പക്ഷേ ആ അതും തരണം ചെയ്തു ഭൂമിയിലിറങ്ങി. ‘
ഒരു ചെറുവിമാനത്തില്‍ ഒറ്റയ്ക്ക് ലോകം ചുറ്റാനിറങ്ങിയ 19 വയസുകാരിയായ ബെല്‍ജിയം സ്വദേശി സാറ റഥര്‍ഫോര്‍ഡിന്റെ അനുഭവമാണിത്.
52 രാജ്യങ്ങളിലൂടെയാണു യാത്ര. യാത്രയുടെ ഭാഗമായി കഴിഞ്ഞ ദിവസം സാറ സൗദിയിലും ഒറ്റയ്ക്ക് പറന്നെത്തി. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, ഗണിതശാസ്ത്രം എന്നിവയില്‍ സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും അവരില്‍ വ്യോമയാന രംഗത്തോടുള്ള താത്പര്യം വര്‍ധിപ്പിക്കുകയുമാണ് സാറയുടെ ഈ ഏകാന്ത വ്യോമയാത്രയുടെ ഉദ്ദേശ്യം. സൗദി അറേബ്യ ഉള്‍പ്പെടെ 52 രാജ്യങ്ങളിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 52,000 കിലോമീറ്റര്‍ ദൂരമാണ് മൊത്തം പറക്കുന്നത്.

ചെറുവിമാനത്തിന്റെ വേഗത- 300 കിലോമീറ്റര്‍ മാത്രം
2021 ഓഗസ്റ്റില്‍ പടിഞ്ഞാറന്‍ ബെല്‍ജിയത്തില്‍ നിന്നാണ് സാഹസിക യാത്ര തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഭാരം കുറഞ്ഞ വിമാനങ്ങളിലൊന്നായ ഷാര്‍ക്ക് അള്‍ട്രാലൈറ്റിലാണ് യാത്ര. ഒറ്റ എന്‍ജിനും രണ്ട് സീറ്റുകളും ലൈറ്റ് വിങും ഉള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ലൈറ്റ് എയര്‍ക്രാഫ്റ്റാണിത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും. കഴിഞ്ഞ ഓഗസ്റ്റ് 18നാണ് സാറ, യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അസ്മിനിസ്‌ട്രേഷനില്‍ നിന്നും പ്രത്യേക ഫ്‌ലൈറ്റ് ലൈസന്‍സ് നേടിയത്.

ഗിന്നസ് റെക്കോര്‍ഡിനരികെ
ചെറുവിമാനം ഉപയോഗിച്ച് ഒറ്റയ്ക്ക് ലോകം ചുറ്റുന്ന സാറ യാത്രയില്‍ വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ഗിന്നസ് ബുക്കില്‍ റെക്കോര്‍ഡിടും. യാത്രക്കിടെ കഴിഞ്ഞ ദിവസം കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. സൗദി ഏവിയേഷന്‍ ക്ലബ് വന്‍വരവേല്‍പ് നല്‍കി. സാറയുടെ യാത്രക്കിടയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്ന സ്റ്റോപ്പിങ് പോയിന്റുകളിലൊന്നാണ് റിയാദ്.യുഎഇയില്‍ നിന്നാണ് സാറ റിയാദിലെത്തിയത്. വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ സൗദിയിലെ ബെല്‍ജിയം അംബാസഡര്‍ ഡൊമിനിക് മൈനറും റിയാദ് വിമാനത്താവള കമ്പനിയിലെയും സൗദി ഏവിയേഷന്‍ ക്ലബിലെയും നിരവധി ഉദ്യോഗസ്ഥരും എത്തിയിരുന്നു.

പിച്ചവെച്ചത് വിമാനത്തില്‍
പൈലറ്റുമാരായ മാതാപിതാക്കളുടെ സഹായത്തോടെ സാറ പിച്ചവെച്ചു നടന്നു വിമാനത്തിലാണെന്നാണ് അതിശയോക്തിയോടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 14 വയസ്സില്‍ വിമാനം പറത്താന്‍ പഠിച്ചു. തുടര്‍ന്ന് ലോകം ചുറ്റണമെന്ന ആശ പൂര്‍ത്തീകരിച്ചത് 19ലും.

റഷ്യന്‍ നഗരത്തില്‍ കുടുങ്ങിയത് ഒരാഴ്ച്ച
മഞ്ഞു വീഴ്ച്ചയെത്തുടര്‍ന്നു റഷ്യന്‍ നഗരമായ മഗദാനില്‍ ഒരാഴ്ച്ച സാറ കുടുങ്ങിക്കിടന്നു. മറ്റൊരു നഗരമായ അയാനില്‍ മൂന്നാഴ്ച്ച കുടുങ്ങിപ്പോയി. 800 പേര്‍ താമസിക്കുന്ന ഈ നഗരത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടായിരുന്നില്ല, ഇംഗ്ലീഷ് സംസാരിക്കുന്ന വിരലിണ്ണെവുന്നവര്‍ മാത്രം. പക്ഷേ ജനങ്ങളെല്ലാം സഹായമനസ്‌കരായതുകൊണ്ട് ഭയന്നില്ലെന്നും സാറ പറഞ്ഞു.

എട്ടു മണിക്കൂര്‍ കടലിനു മുകളിലൂടെ
മുംബൈ- ദുബൈ യാത്രയില്‍ എട്ടു മണിക്കൂറും കടലിനു മുകളിലൂടെയായിരുന്നു. പൊടിക്കാറ്റ് കാരണം എമിറേത്തിയിലെ 60 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു വിമാനത്താവളം പിടിക്കേണ്ടിവന്നു.

റോള്‍ മോഡല്‍
2017 ല്‍ 30-ാം വയസ്സില്‍ ഒറ്റയ്ക്ക് ലോകം ചുറ്റി ഏറ്റവും പ്രായം കുറഞ്ഞ വനിതയായി മാറിയ ഷെസ്റ്റ വെയ്‌സാണ് സാറയുടെ റോള്‍മോഡല്‍. അഫ്ഗാന്‍ വംശജയും യു.എസില്‍ സ്ഥിരതാമസക്കാരിയുമാണ് ഷെസ്റ്റ വെയ്‌സ്. അതേസമയം ഏറ്റവും പ്രായം കുറഞ്ഞ പുരുഷ റെക്കോര്‍ഡ് സ്വന്തമാക്കിയത് അമേരിക്കക്കാരനായ മേസണ്‍ ആന്‍ഡ്രൂസായിരുന്നു. 2018 ല്‍ തന്റെ 18 ാം വയസ്സിലായിരുന്നു അദ്ദേഹം ഈ നേട്ടം കരസ്ഥമാക്കിയത്.

സാമ്പത്തിക ചെലവ്
വന്‍ ചെലവ് വരുന്ന യാത്രയ്ക്ക് വിമാന കമ്പനിയായ വിര്‍ജിന്‍, ഐ.സി.ഡി സോഫ്റ്റ്, ടി.എം.സി, ഫ്‌ലൈ സോലോ.കോം തുടങ്ങിയ കമ്പനികളാണ് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയിരിക്കുന്നത്. വിമാനം പറത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ അഞ്ചു ശതമാനം മാത്രമാണ് വനിതകളുള്ളത്. കംപ്യൂട്ടര്‍ എന്‍ജിനീയര്‍മാരില്‍ 15 ശതമാനവും. ഇത് വര്‍ധിപ്പിക്കാനാണ് തന്റെ ശ്രമമെന്നും സാറ പറയുന്നു.