റിയാദ് സീസണ്‍ ഫെസ്റ്റിവലിന് വര്‍ണാഭമായ തുടക്കം; നിരീക്ഷിക്കാന്‍ 2760 ഡ്രോണുകള്‍

റിയാദ്: സംഗീതാത്മകമായ ചടങ്ങുകളോടെ റിയാദ് സീസണ്‍ ഫെസ്റ്റിവലിന് തുടക്കമായി. ലോക പ്രശസ്ത റാപ്പര്‍ പിറ്റ്ബുള്ളിന്റെ പ്രകടനത്തോടെയായിരുന്നു പരിപാടിക്ക് തുടക്കമായത്. ഉദ്ഘാടനത്തിന് പിന്നാലെ റിയാദ് നഗരത്തില്‍ കലാകാരന്മാരുടെ റാലി നടന്നു.
ലയണല്‍ മെസ്സിയുള്‍പ്പെടെയുള്ള ലോക പ്രശ്‌സ്ത താരങ്ങള്‍ മേളയിലെത്തുന്നുണ്ട്. രണ്ട് കോടി സന്ദര്‍ശകരെയാണ് ഇത്തവണത്തെ പ്രതീക്ഷിക്കുന്നത്. 70 ലക്ഷം പേരാണ് ആദ്യ റിയാദ് സീസണില്‍ പങ്കെടുത്തത്.
7500 വിനോദ പരിപാടികളാണ് ഇതിന്റെ ഭാഗമായി അരങ്ങേറുക. ആദ്യത്തെ പത്ത് ദിനം ഉദ്ഘാടന പരിപാടികളാണ്. ഡബ്ലു ഡബ്ലു ഇ മത്സരവും ഇതിന്റെ ഭാഗമായുണ്ട്. ടിക്കറ്റുകള്‍ വെച്ചാണ് മത്സരങ്ങളെല്ലാം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന റാലിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. വെള്ളിയാഴ്ച റിയാദ് ഫ്രണ്ട് തുറക്കും. ഇതിനകത്തേക്കും പ്രവേശനം സൗജന്യമാണ്. ഒക്ടോബര്‍ 26ന് വിന്റര്‍ വണ്ടലാന്‍ഡ് തുറക്കും. സാഹസിക റൈഡുകളാകും ഇതിനകത്ത് നടക്കുക. ഒക്ടോബര്‍ 27ന് തുറക്കുന്ന ഓപ്പണ്‍ മൃഗശാലയും മേളയിലെ പ്രധാന ആകര്‍ഷണമായിരിക്കും. പിന്നീട് ആറു മാസം വരെ പരിപാടികള്‍ നീണ്ടു നില്‍ക്കും.
2760 ഡ്രോണുകള്‍ ഓരോ നിമിഷവും ഒപ്പിയെടുക്കാന്‍ ആകാശത്തുണ്ടാകും.