സൗദിയില്‍ സ്‌കൂളുകള്‍ തുടങ്ങി; പക്ഷേ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് മതി

റിയാദ്: സൗദിയില്‍ കോവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം അടച്ചിട്ട സ്‌കൂളുകള്‍ തുറന്നെങ്കിലും ഇപ്പോഴും കുട്ടികള്‍ക്ക് താല്പര്യം ഓണ്‍ലൈന്‍ പഠനം തന്നെ.
സെപ്റ്റംബര്‍ 12 മുതലാണ് റഗുലര്‍ ക്ലാസുകള്‍ തുടങ്ങിയത്. ക്ലാസ് തുടങ്ങി ഒരു മാസം പിന്നിട്ടെങ്കിലും പകുതിയില്‍ അധികം കുട്ടികളും വീട്ടില്‍ തന്നെയാണ്.
ഏഴ് മുതലുള്ള ക്ലാസിലെ കുട്ടികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ എല്ലാ ക്ലാസുകളിലേക്കും ഓണ്‍ലൈന്‍ ക്ലാസ് കൂടി നടത്തുന്നതിനാല്‍ കുട്ടികളില്‍ അധികവും ഇപ്പോഴും വീട്ടില്‍ ഇരിക്കാനാണ് താല്പര്യം.
കോവിഡ് ഭയം മൂലം സ്‌കൂളിലേക്ക് ചില രക്ഷിതാക്കള്‍ കുട്ടികളെ അയക്കുന്നില്ല. അതേസമയം ഇപ്പോഴും വാക്‌സിന്‍ പൂര്‍ത്തീകരിക്കാത്തതും പ്രവേശത്തിന് വിലങ്ങുതടിയായി.
ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികളില്‍ ഒരു ചെറിയ ശതമാനം പേര്‍ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ അവര്‍ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം നിരവധി ഇന്ത്യന്‍ സ്‌കൂളുകളില്‍ ഹൈബ്രിഡ് ക്ലാസുകളാണ് നടക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസും റഗുലര്‍ ക്ലാസും ഒരേസമയം നടക്കുന്നുണ്ട്.