മന്ത്രി ശിവന്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച കേസില്‍ റിയാദിലെ മുന്‍ അധ്യാപികയും പ്രതി

റിയാദ്: മന്ത്രി ശിവന്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ റിയാദിലെ മുന്‍ അധ്യാപികയും കോണ്‍ഗ്രസ് സൈബര്‍ വിഭാഗം നേതാവുമായ ഷീബ രാമചന്ദ്രനെതിരെയും കേസ്.
ചലച്ചിത്ര നടനൊപ്പം മന്ത്രി വി.ശിവന്‍കുട്ടി നില്‍ക്കുന്ന ഫോട്ടോയാണ് മോര്‍ഫ് ചെയ്തു പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്റെ ഒപ്പമുള്ളതാക്കി ചിത്രീകരിച്ചു പ്രചരിപ്പിച്ചത്.

മന്ത്രി ശിവന്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത് പിന്‍വലിച്ചുകൊണ്ടുള്ള ഷീബയുടെ കുറിപ്പ്


കേസില്‍ പാലക്കാട് കണ്ണാടി കാഴ്ചപ്പറമ്പ് ഉപാസനയില്‍ പ്രതീഷ് കുമാറി(49)നെയാണു തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രിയുടെ ഫെയ്‌സ്ബുക് പേജില്‍ നിന്നെടുത്ത ഫോട്ടോയാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കേസിലെ രണ്ടാം പ്രതി എറണാകുളം സ്വദേശി ഷീബ രാമചന്ദ്രനെയും പൊലിസ് അറസ്റ്റ് ചെയ്‌തേക്കും.
എന്നാല്‍ യഥാര്‍ത്ഥ ഫോട്ടോയാണെന്ന് കരുതിയാണ് ‘അളിയനും മച്ചമ്പിയും’ എന്ന ക്യാപ്ഷനില്‍ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നു ഷീബ രാമചന്ദ്രന്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചിരുന്നു. മന്ത്രി ഡിജിപിക്കു പരാതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് എടുത്തത്.
ഷീബ രാമചന്ദ്രന്‍ റിയാദിലെ ഒരു സ്‌കൂളില്‍ അധ്യാപികയായിരുന്നു. നാട്ടില്‍ എത്തിയ ശേഷം കോണ്‍ഗ്രസ് സൈബര്‍ സെല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.