കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

ദുബൈ:  ഇന്‍ഡ്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എ.പി അബൂബകര്‍ മുസ്ലിയാര്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ. ദുബൈ താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ ഇന്‍ഡ്യയില്‍ നിന്ന് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം.

വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യുഎഇ ഭരണകൂടം നല്‍കുന്നതാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ. യു എ ഇയും ജാമിഅഃ മര്‍കസും തമ്മില്‍ നിലനില്‍ക്കുന്ന അന്താരാഷ്ട്ര ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ മുന്‍ നിര്‍ത്തിയാണ് മര്‍കസ് ചാന്‍സലര്‍ കൂടിയായ കാന്തപുരത്തെ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചത്.

മികച്ച സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്‍, അറബി ഉള്‍പെടെ വിവിധ ഭാഷകളിലുള്ള പ്രഭാഷണ കഴിവ് എന്നീ നിലകളിലും അറബ് മേഖലയിലും അന്താരാഷ്‌ട്ര വേദികളിലും ശ്രദ്ധേയമായ മുഖമാണ് കാന്തപുരം. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആലു നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആലു മക്തൂം, അബുദബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആലു നഹ്‌യാന്‍ എന്നിവരോട് നന്ദിയും സന്തോഷവും കാന്തപുരം പങ്കുവെച്ചു.