വാക്‌സിന്‍ എടുത്തവര്‍ക്ക് ഉംറക്ക് അനുമതി

റിയാദ്: സൗദി അംഗീകരിച്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ച തീര്‍ഥാടകര്‍ക്ക് ഉംറക്ക് അനുമതി നല്‍കും. തിങ്കളാഴ്‌ച മുതല്‍ ഉംറ അനുമതിക്ക് അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
ആദ്യഘട്ടത്തില്‍ പ്രതിമാസം 60,000 തീഥാടകര്‍ക്കായിരിക്കും ഉംറക്ക് അനുമതി നല്‍കുക. പിന്നീട് ഇത് പ്രതിമാസം 20 ലക്ഷം എന്ന നിലയിലേക്ക് ഉയര്‍ത്തും. തീര്‍ഥാടകര്‍ ഉംറ പെര്‍മിറ്റും ഹറമില്‍ നമസ്‌കരിക്കാനുള്ള പെര്‍മിറ്റും നേടിയിരിക്കണം. വിദേശ തീര്‍ത്ഥാടകര്‍ ഉംറ അപേക്ഷയോടൊപ്പം അംഗീകൃത കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടുത്തണം.

സൗദിയുടെ പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും ഉംറ വിസക്ക് അപേക്ഷിക്കാം. ഇവര്‍ സൗദിയില്‍ എത്തിയാല്‍ നിശ്ചിത ദിവസം സമ്പര്‍ക്ക വിലക്കില്‍ കഴിയണം. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണ് ഉംറ നിര്‍വഹിക്കുന്നതിനും മദീനയില്‍ പ്രവാചക പള്ളി സന്ദര്‍ശിക്കുന്നതിനും സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗദി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. അതേ വര്‍ഷം ഒക്‌ടോബറില്‍ ആഭ്യന്തര തീര്‍ഥാടകരെയും നവംബറില്‍ വിദേശ തീര്‍ഥാടകരെയും ഉംറക്ക് അനുവദിച്ചു.