കോവിഡ് പ്രതിസന്ധിക്ക് അയവ്; ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഓഗസ്റ്റ് മുതല്‍ മടക്കം

ന്യൂഡല്‍ഹി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഓഗസ്റ്റ് മുതല്‍ മടങ്ങിയെത്താനാകുമെന്ന് പ്രതീക്ഷ. കുവൈറ്റ് മന്ത്രാലയം ഇതുസംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചു. ഓഗസ്റ്റ് ഒന്നുമുതല്‍ വിദേശ ജീവനക്കാര്‍ക്ക് മടങ്ങിവരാമെന്നാണ് അറിയിപ്പ്.
സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലും വിലക്ക് നീങ്ങിയേക്കും. സൗദി അറേബ്യ കോവിഡ് വ്യാപനം മുതല്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാനമില്ല. ഇതേത്തുടര്‍ന്ന് അഞ്ചു ലക്ഷത്തോളം പേരാണ് മടങ്ങാനാകാതെ ഇന്ത്യയില്‍ കുടുങ്ങിയത്.
അതേസമയം വന്‍ പണം ചെലവഴിച്ച് മറ്റ് രാജ്യങ്ങള്‍ വഴി ഒന്നര ലക്ഷം പേര്‍ മടങ്ങിയെത്തി. വിമാനഗതാഗതം പുനരാരംഭിക്കാന്‍ ചര്‍ച്ചകള്‍ നടക്കവെയാണ് രണ്ടാംഘട്ട വ്യാപനം ഇന്ത്യയില്‍ രൂക്ഷമായത്. തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ മിക്കയിടത്തും വിലക്കുണ്ടായി.

അതേസമയം കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സൗദിയില്‍ തിരിച്ചെത്താന്‍ കഴിയാതെ നാടുകളില്‍ കഴിയുന്ന പ്രവാസികളുടെ റെസിഡന്റ് വിസ (ഇഖാമ) സൗജന്യമായി പുതുക്കിത്തുടങ്ങി. രണ്ടാഴ്ച മുമ്പ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇഖാമയും റീഎന്‍ട്രി, വിസിറ്റ് വിസകളും സൗജന്യമായി പുതുക്കി നല്‍കാന്‍ ഉത്തരവിട്ടിരുന്നു. അതനുസരിച്ചുള്ള നടപടികളാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നത്.
ജൂലൈ 31 വരെയാണ് കലാവധി നീട്ടി നല്‍കുന്നത്. അതിനുള്ളില്‍ കാലാവധി കഴിയുന്നതും ഇതിനോടകം കാലാവധി കഴിഞ്ഞതുമായ മുഴുവന്‍ ഇഖാമകളും പുതുക്കും. സൗദിയിലേക്ക് പ്രവേശനം താല്‍ക്കാലികമായി നിരോധിച്ച ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ആനുകൂല്യം.