അവസരം 60000 പേര്‍ക്ക്; ഹജ്ജിന് ഒറ്റദിവസം അപേക്ഷിച്ചവര്‍ നാലര ലക്ഷം

ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെടുന്നതിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നുമായി 4,50,000 ഓളം അപേക്ഷകള്‍ ലഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. അപേക്ഷകരില്‍ 60 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളുമാണ്. സ്വദേശികളും വിദേശികളുമടക്കം ഇത്തവണ 60,000 പേര്‍ക്കായിരിക്കും ഹജ്ജിനവസരമുണ്ടാവുക എന്ന് മന്ത്രാലയം നേരത്തെ അറിയിച്ചതാണ്.

https://localhaj.haj.gov.sa/LHB എന്ന വെബ് പോര്‍ട്ടല്‍ വഴി ഇന്നലെ ഉച്ചക്ക് ഒരു മണി മുതലാണ് രജിസ്ട്രേഷന്‍ ആരംഭിച്ചത്. രജിസ്‌ട്രേഷന്‍ 10 ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. എന്നാല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച്‌ 24 മണിക്കൂര്‍ ആയപ്പോഴേക്കും അനുവദിക്കപ്പെട്ട എണ്ണത്തിന്റെ ഏഴര ഇരട്ടി അപേക്ഷകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലുള്ള രജിസ്‌ട്രേഷന്‍ കൂടി കണക്കിലെടുത്താല്‍ ഇനിയും എത്രയോ ഇരട്ടി അപേക്ഷകളായിരിക്കും ലഭിക്കുക. ഇത്രയും അപേക്ഷകരില്‍ നിന്നും 60,000 പേര്‍ക്ക് മാത്രമായിരിക്കും ഹജ്ജിന് അവസരമുണ്ടാവുക.

സൗദിയിലുള്ള നിരവധി മലയാളികളും ഹജ്ജിനായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നുണ്ട്. എന്നാല്‍ പ്രഖ്യാപിക്കപ്പെട്ട ഹജ്ജ് പാക്കേജ് നിരക്കുകള്‍ തങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും അതിനാല്‍ തെരഞ്ഞെടുക്കപ്പെട്ടാലും അവസരം ഉപയോഗപ്പെടുത്താന്‍ സാധിച്ചേക്കില്ലെന്ന് അഭിപ്രായമുള്ളവരും ഹജ്ജ് അപേക്ഷകരിലുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാല്‍ മെസേജ് ലഭിച്ച്‌ മൂന്ന് മണിക്കൂറിനുള്ളില്‍ ഏതെങ്കിലും ഒരു പാക്കേജ് പണമടച്ച്‌ ബുക്ക് ചെയ്യണമെന്നാണ് ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശം.