ബാര്‍ബര്‍ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധം

ജിദ്ദ: ശവ്വാല്‍ ഒന്നു മുതല്‍ സൗദി അറേബ്യയിലെ ഹോട്ടല്‍, ഭക്ഷ്യവില്‍പ്പനശാലകള്‍, ബാര്‍ബര്‍ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലര്‍, ജിംനേഷ്യം, കായിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു. രാജ്യത്ത് കോവിഡ് പടരാതിരിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട കമ്മിറ്റി നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണിത്.

പൊതുഗതാഗത മേഖലയിലെ ഡ്രൈവര്‍മാര്‍ക്ക് കോവിഡ് വാക്‌സിന്‍ ശവ്വാല്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ചൊവ്വാഴ്ച പൊതുഗതാഗത അഥോറിറ്റി പുറപ്പെടുവിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് കായിക മന്ത്രാലയവും മുനിസിപ്പല്‍ ഗ്രാമകാര്യ, ഭവന മന്ത്രാലയവും ജോലിക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ഈ മേഖലയിലെ തൊഴിലാളികള്‍ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ജോലിക്ക് കോവിഡ് നെഗറ്റീവ് പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമായിരിക്കും. ശവ്വാല്‍ ഒന്നു മുതല്‍ മുഴുവന്‍ ജോലിക്കാരും കോവിഡ് വാക്‌സിനെടുത്തിട്ടുണ്ടോ അല്ലെങ്കില്‍ പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുണ്ടോയെന്ന് ഉറപ്പുവരുത്തണണമെന്ന് നിര്‍ദേശത്തിലുണ്ട്.