ഇന്‍സ്റ്റിറ്റിയൂഷനല്‍ ഐസൊലേഷന്‍ നിയമത്തില്‍ മാറ്റം

മസ്‌ക്കറ്റ്: ഒമാനിലെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ഐസൊലേഷന്‍ നിയമത്തില്‍ മാറ്റം. താമസത്തിനുളള ഹോട്ടലുകളും അപ്പാര്‍ട്ട്‌മെന്റുകളും സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ റിലീഫ് ആന്‍ഡ് ഷെല്‍ട്ടര്‍ വിഭാഗത്തിന്റെ ചുമതലയുള്ള പ്രത്യേക ഓണ്‍ലൈന്‍ സംവിധാനമായ സഹായ പ്ലാറ്റ്‌ഫോം വഴി ബുക്ക് ചെയ്യണമെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അഥോറിറ്റി അറിയിച്ചു.

ഒമാനിലേക്കു വരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള വെബാസൈറ്റിന്റെ ഭാഗമായാണ് സഹായ പ്ലാറ്റ് ഫോമും ഒരുക്കിയിട്ടുള്ളത്. മാര്‍ച്ച് 29 ഉച്ച മുതല്‍ ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഈ നിയമം ബാധകമായിരിക്കും.

യാത്രക്കാരുടെ കൈവശം സഹായ പ്ലാറ്റ് ഫോം വഴിയുള്ള ഹോട്ടല്‍ ബുക്കിങ് ഉറപ്പാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇ മുശ് രിഫ് വെബ് സൈറ്റില്‍യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷമാണ് ഹോട്ടല്‍ ബുക്കിങ്ങിനുള്ള ഓപ്ഷന്‍ ലഭിക്കുക.