യെമനില്‍ കൊല്ലപ്പെടുന്നവരില്‍ നാലിലൊന്ന് കുട്ടികള്‍

ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ കൊല്ലപ്പെടുന്നവരില്‍ നാലിലൊന്നും കുട്ടികള്‍. ഇവിടത്തെ സ്ഥിതി കൂടുതല്‍ ഗുരുതരമായി മാറുകയാണെന്നും ഇതിനെതിരേ അന്താരാഷ്ട്ര സമൂഹത്തിന്റെ മനസാക്ഷി ഉണരേണ്ടതുണ്ടെന്നും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സേവ് ചില്‍ഡ്രന്‍ സന്നദ്ധ സംഘടന ഓര്‍മിപ്പിക്കുന്നു.

2018നും 2020നും ഇടയില്‍ 2341 കുട്ടികള്‍ യെമനില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിനെക്കാളേറെ വരും. യുദ്ധത്തിന്റെ കെടുതികള്‍ ഏറ്റവും ബാധിക്കുന്നത് കുഞ്ഞുങ്ങളെയാണ്. 2018ലെ കണക്കു പ്രകാരം കൊല്ലപ്പെടുന്ന അഞ്ചു പേരില്‍ ഒരാള്‍ കുട്ടിയാണെന്നായിരുന്നു കണക്ക്. എന്നാല്‍, 2019ലും 2020ലും നാലിലൊന്ന് എന്ന നിലയിലേക്കു മാറുകയായിരുന്നു.

പശ്ചിമേഷ്യയിലെ ദരിദ്രരാജ്യമായ യെമന്‍ ഹൂതി തീവ്രവാദികളുടെ നിരന്തരമായ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര പ്രശ്‌നങ്ങളില്‍പ്പെട്ടുഴലുകയാണ്. രാജ്യത്ത് പട്ടിണി മരണങ്ങളും വര്‍ധിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ജീവകാരുണ്യ, മനുഷ്യാവകാശ സംഘടനകളുടെ പ്രവര്‍ത്തനത്തിനും ബുദ്ധിമുട്ടു നേരിടുകയാണ്.

ലോകത്തെ ഏതു യുദ്ധവും ഏറ്റവും ബാധിക്കുക കുട്ടികളെയാണെന്നും ഇതിന്റെ ഏറ്റവും തീവ്രമുഖമാണ് യെമനിലേതെന്നും സേവ് ചില്‍ഡ്രന്‍ മേഖലാ ഡയറക്റ്റര്‍ ജെറമി സ്‌റ്റോണര്‍.

മനുഷ്യാവകാശ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിക്കുന്ന ഫണ്ടിലെ കുറവ് നിലവില്‍ മോശമായ യെമനിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും സേവ് ചില്‍ഡ്രന്‍ ഓര്‍മിപ്പിക്കുന്നു.