യുഎഇയില്‍ കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കിത്തുടങ്ങി

അബുദാബി: യുഎഇയില്‍ ആറാഴ്ചത്തേക്കു മുതിര്‍ന്നവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം പഴയനിലയിലേക്കു മാറ്റി. ഇനിയും വാക്‌സിന്‍ എടുക്കാത്ത 16 വയസിനു മുകളിലുള്ളവര്‍ എത്രയും പെട്ടെന്ന് കുത്തിവയ്‌പ്പെടുക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യം കോവിഡ് മുക്തമാകാന്‍ ദേശീയ വാക്‌സിന്‍ ക്യാംപെയ്ന്‍ ഏറെ സഹായിക്കുന്നുണ്ടെന്ന് വ്യവസായ മന്ത്രി മന്ത്രി. ഡോ. സുല്‍ത്താന്‍ അല്‍ ജബാര്‍ പറഞ്ഞു. ഈ മാസാവസാനത്തോടെ ജനസംഖ്യയുടെ അമ്പതു ശതമാനത്തിനും വാക്‌സിന്‍ നല്‍കാനാകുമെന്നാണ് കരുതുന്നത്. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വാക്‌സിന്‍ വിതരണം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 205 കേന്ദ്രങ്ങള്‍ സജ്ജമാക്കി.

ഇവിടങ്ങളില്‍ അമ്പതു വയസിനു മുകളിലുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ നേരിട്ടെത്തി വാക്‌സിന്‍ എടുക്കാം. ഗുരുതര രോഗമുള്ളവര്‍ക്കും 60 വയസിനു മുകളിലുള്ളവര്‍ക്കും മാത്രമായിരുന്നു കഴിഞ്ഞ ആറ് ആഴ്ചയായി വാക്‌സിന്‍ നല്‍കിയിരുന്നത്.

യുഎഇയില്‍ ചൈനയുടെ സിനോഫാം ആണ് വ്യാപകമായി നല്‍കുന്നത്. ഫൈസര്‍, സ്ഫുട്‌നിക്-5, ആസ്ട്ര സെനേക്ക എന്നീ വാക്‌സിനുകളും യുഎഇ അംഗീകരിച്ചിട്ടുണ്ട്.