കോവിഡ് വാക്‌സിന്‍ മരണത്തിനിടയാക്കിയിട്ടില്ല: സൗദി മന്ത്രാലയം

കോവിഡ് പ്രതിരോധ വാക്‌സിനെടുത്തതുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതുവരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി. കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വേഗത്തില്‍ വാക്‌സിനെടുക്കണമെന്ന് അലി ആവശ്യപ്പെട്ടു.

രാജ്യത്ത് സ്ഥിരീകരിച്ചതും ഗുരുതരവുമായ കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ ഏറ്റക്കുറച്ചിലുകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

മുന്‍കരുതല്‍ നടപടികളോടുള്ള പ്രതിബദ്ധത പോസിറ്റിവ് കേസുകള്‍ ഉണ്ടാകുന്നത് നിയന്ത്രിക്കാന്‍ സഹായിക്കും. ചില രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകളും കാണാന്‍ തുടങ്ങിയിട്ടുണ്ട്. അവയെ മൂന്നാം തരംഗങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഭൂരിഭാഗം കേസുകളും ഔദ്യോഗിക വകുപ്പുകളോ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരോ കണ്ടെത്തിയതാണ്. അതിനാല്‍ പകര്‍ച്ചവ്യാധിക്കെതിരേയുള്ള മുന്‍കരുതല്‍ പാലിക്കുന്നതിലുള്ള ജാഗ്രത നാം തുടരണമെന്നും വക്താവ് പറഞ്ഞു.

ഇതുവരെ 3026355 കോവിഡ് ഡോസുകള്‍ രാജ്യത്തെ വിവിധ മേഖലകളില്‍ നല്‍കി. വാക്‌സിനെടുത്തശേഷം ഗര്‍ഭധാരണം നീട്ടിവയ്‌ക്കേണ്ടതില്ല. ഗര്‍ഭധാരണത്തെയും രക്തദാനത്തെയും വാക്‌സിന്‍ ബാധിക്കുന്നില്ല. രക്തം കട്ടയാകുന്നതും കോവിഡ് വാക്‌സിനുകളും തമ്മില്‍ ബന്ധമില്ല.