ഖത്തറിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയേക്കും

ദോഹ: കോവിഡ്- 19 പുതിയ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ഖത്തർ. വ്യാപനതോത് കൂടിയാൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് അധികൃതർ. അതേസമയം, വ്രതാനുഷ്ഠാനങ്ങൾക്ക് തടസം വരാതെയായിരിക്കും നിയന്ത്രണം.

യുകെയിൽ കണ്ടുവന്ന കോവിഡ് വകഭേദം അടുത്തിടെ ഖത്തറിലും വലിയതോതിൽ വ്യാപിച്ചിരുന്നു. ക്വാറന്‍റീൻ വ്യവസ്ഥകളിലുൾപ്പെടെ ഖത്തർ സ്വീകരിച്ച കർശന പ്രതിരോധ സംവിധാനങ്ങളെത്തുടർന്ന് അടുത്തകാലം വരെ വൈറസിനെ നിയന്ത്രിച്ചു നിർത്താനായിരുന്നെങ്കിലും ഇപ്പോഴത്തെ കണക്ക് ആശങ്കയ്ക്കിടവയ്ക്കുന്നു. പുതിയ വൈറസ് വകഭേദം കൂടുതൽ വ്യാപനശേഷിയുള്ളതും അപകടകരവുമാണെന്നതിനാൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

ഇതിനിടെ, പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് മെഡോണയുടെയും ഫൈസർ ബയോടെക്കിന്‍റെയും കോവിഡ് വാക്സിൻ എന്ന് ആരോഗ്യമന്ത്രാലയം കോവിഡ് ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷൻ ഡോ. അബ്ൾ ലത്തീഫ് അൽ ഖാൽ വ്യക്തമാക്കി.

ജനുവരിയെ അപേക്ഷിച്ച് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.