സൗദിയിൽ വീട്ടിലെത്തി കോവിഡ് വാക്സിൻ നൽകാൻ തുടങ്ങി

ജിദ്ദ: ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് വീട്ടിലെത്തി കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്ന പദ്ധതിക്ക് സൗദിയിൽ തുടക്കം. ആരോഗ്യമന്ത്രാലയത്തിന്‍റെ സഹകരണത്തോടെ ജിദ്ദ ആരോഗ്യവിഭാഗം വ്യാഴാഴ്ചയാണ് പദ്ധതി തുടങ്ങിയത്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വീട്ടിൽ കഴിയുന്നവർക്കും അവരെ ശുശ്രൂഷിക്കാനായി ഒപ്പം നിൽക്കുന്നവർക്കും ഇത്തരത്തിൽ വാക്സിനെടുക്കാം.

രാജ്യത്തെ കോവിഡ് വ്യാപനനിരക്ക് കൂടിയും കുറഞ്ഞും തുടരുകയാണെന്നും ഇതിനെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൾ അലി പറഞ്ഞു. പ്രതിരോധ നടപടികൾ കർശനമാക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.

സൗദിയിൽ വ്യാഴാഴ്ച നാലുമരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ, ആകെ മരിച്ചവരുടെ എണ്ണം 6514 ആയി. പുതുതായി 375 കേസുകളാണ് റിപ്പോർ‌ട്ട് ചെയ്തത്. ഇതുവരെയുള്ള കേസുകൾ 378,708. നിലവിൽ 2581 പേരാണ് ചികിത്സയിലുള്ളത്. 503 പേരുടെ നില ഗുരുതരം.

മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 162 പേർക്ക് റിയാദിലും 66 പേർക്ക് മക്കയിലുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കിഴക്കൻ‌ പ്രവിശ്യയിൽ 61 പേര്്ക്കും മദീനയിൽ 14 പേർക്കും രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് ഇതുവരെ ക13829692 പേർക്ക് പിസിആർ പരിശോധന നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 47118 പരിശോധനകൾ.

ഇതിനിടെ, കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ അനുമതി ലഭിച്ച ആദ്യ ആശുപത്രിയായി കിങ്ഡം ഹോസ്പിറ്റിൽ. ദേശീയ കോവിഡ് പ്രതിരോധ പ്രചാരണത്തിന്‍റെ ഭാഗമായി നേരത്തേ ഈ ആശുപത്രി സൗജന്യമായി വാക്സിൻ നൽകിയിരുന്നു. ഇവിടെ വാക്സിൻ എടുക്കുന്നവരുടെ വിവരങ്ങൾ സർക്കാരിന്‍റെ ഡാറ്റാബാങ്കുമായി ബന്ധിപ്പിക്കും.