തുർക്കിയിൽ ഹെലികോപ്റ്റർ തകർന്ന് 9 സൈനികർ മരിച്ചു

ഈസ്റ്റംബുൾ: തെക്കു കിഴക്കൻ തുർക്കിയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് ഒമ്പതു പേർ മരിച്ചു, നാലുപേർക്ക് പരുക്കേറ്റു. തുർക്കി പ്രതിരോധ മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്.

ബിംഗോൾ പ്രവിശ്യയിൽനിന്ന് രാവിലെ പതിനൊന്നു മണിയോടെ പറന്നുയർന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. 11.25 ഓടെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഒമ്പതു പേർ മരിച്ചതായി കണ്ടെത്തിയത്.

അപകടമുണ്ടായ പർവത മേഖല മേഘാവൃതമായതും കനത്ത മഞ്ഞിൽമൂടിയതും രക്ഷാദൗത്യം ദുഷ്ക്കരമാക്കി. മരിച്ചവരിൽ ലഫ്. ജനറൽ ഉസ്മാൻ എർബാസും ഉൾപ്പെടുമെന്ന് ഭരണകക്ഷിയായ എകെപി പാർട്ടിയുടെ നിയമസഭാംഗം ടോൾഗ അഗർ പറഞ്ഞു. ടർക്കിഷ് സൈന്യത്തിന്‍റെ എട്ടാം കോർപ്സ് മേധാവിയാണ് എർബാസ്. പ്രതിരോധമന്ത്രി ഹുലുസി അക്ബറും ആഭ്യന്തരമന്ത്രി സുലൈമാൻ സൊയ്‌ലുവും അപകടസ്ഥലത്തേക്കു തിരിച്ചതായി തുർക്കിയിലെ മാധ്യമങ്ങൾ.

കുർദിഷ് വിമതർക്കെതിരേ നിരന്തരം സൈനിക നടപടിയെടുക്കുന്ന മേഖലയിലാണ് അപകടം.

സാധാരണ അപകടമാണുണ്ടായതെന്നു വ്യക്തമാക്കിയ മന്ത്രാലയം കൂടുതൽ വിവരങ്ങൾ നൽകിയില്ല. പരുക്കേറ്റ സൈനികരെ ആശുപത്രിയിലേക്കു മാറ്റി.