ദുബായിൽ റംസാൻ ടെന്‍റുകൾക്ക് അനുമതി റദ്ദാക്കി

ദുബായ്: കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളുടെ ഭാഗമായി റംസാൻ ടെന്‍റുകൾക്കുള്ള അനുമതി റദ്ദാക്കി ദുബായ്. എല്ലാതരിത്തിലുള്ള ടെന്‍റുകൾക്കും നിരോധനമുണ്ട്. പള്ളികൾക്കു സമീപത്തോ വീടുകൾക്കു മുന്നിലോ മറ്റു പൊതുസ്ഥലങ്ങളിലോ ഇത്തവണ ടെന്‍റുകൾ അനുവദിക്കില്ല. റംസാൻ കാലത്ത് ആവശ്യക്കാർക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്നതിന് ജീവകാരുണ്യ സംഘടനകളും സർക്കാർ സ്ഥാപനങ്ങളും മറ്റും ടെന്‍റുകൾ ഒരുക്കാറുണ്ട്. ഇത്തവണ ഏപ്രിൽ 13ന് റംസാൻ തുടങ്ങുമെന്നാണ് കണക്കാക്കുന്നത്.

സർക്കാർ നിർദേശപ്രകാരമാണ് ടെന്‍റുകൾക്കുള്ള അനുമതി റദ്ദാക്കുന്നതെന്ന് ഇസ്‌ലാമികകാര്യ ജീവകാരുണ്യ പ്രവർത്തന വിഭാഗം (ഐഎസിഎഡി) പ്രസ്താവനയിലൂടെ അറിയിച്ചു. കോവിഡ് മഹാമാരിക്കെതിരേയുള്ള ഭരണകൂടത്തിന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകേണ്ടതുണ്ടെന്ന് ഐഎസിഎഡി എക്സിക്യൂട്ടിവ് ഡയറക്റ്റർ അഹമ്മദ് ദർവീഷ് അൽ മുഹൈരി പറഞ്ഞു.

അതേസമയം, റംസാൻ കാലത്ത് ഭക്ഷണം വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഐഎസിഎഡി അംഗീകാരമുള്ള സംഘടനകളുമായി ബന്ധപ്പെടണമെന്നും മുഹൈരി.