ഹെർഡ് ഇമ്യൂണിറ്റിയിലേക്ക് അധിവേഗം സഞ്ചരിച്ച് യുഎഇ

ദുബായ്: രാജ്യത്തെ മുഴുവൻ പേർക്കും എത്രയും പെട്ടെന്ന് കോവിഡ് പ്രതിരോധ വാക്സിൻ നൽകാനാകുമെന്ന് ദുബായ് കോവിഡ്-19 കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ ടെസ്റ്റിങ് സ്ട്രീം മേധാവി ഡോ. ഹനാൻ അൽ സുവൈധി. പ്രത്യേക പരിഗണനാ വിഭാഗത്തിൽപ്പെട്ടവർക്കുള്ള വാക്സിൻ മാർച്ച് അവസാനത്തോടു കൂടി പൂർണമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

ഇപ്പോഴത്തെ സാഹചര്യത്തിൽ പരിഗണനാവിഭാഗത്തിൽപ്പെട്ട അമ്പതുശതമാനത്തിലേറെ പേർ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. ഒരു ഡോസ് എങ്കിലും സ്വീകരിച്ചവരാണിവർ. രാജ്യത്തെ വാക്സിൻ പ്രചാരണത്തിലുണ്ടായ വലിയ പുരോഗതിയാണ് ഇത് കാണിക്കുന്നതെന്നും മുഹമ്മദ് ബിൻ റാഷിദ് യൂനിവേഴ്സിറ്റിയിലെ ഫാമിലി മെഡിസിൻ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ കൂടിയായ സുവൈധി വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 60 ലക്ഷം വാക്സിൻ വിതരണം ചെയ്തു കഴിഞ്ഞു.

ഗുരുതര രോഗമുള്ളവർ ഉൾപ്പെടെ പ്രത്യേക പരിഗണനാ വിഭാഗത്തിന് ആദ്യഘട്ടത്തിൽതന്നെ വാക്സിൻ നൽകേണ്ടത് അനിവാര്യമാണ്. രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും വാക്സിൻ നൽകുന്നതിലൂടെ മാത്രമേ ഹെർഡ് ഇമ്യൂണിറ്റി കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും അവർ. ആർജിത പ്രതിരോധത്തിലൂടെയും വാക്സിനേഷനിലൂടെയും രാജ്യത്തെ 70 ശതമാനം പേർക്കും വൈറസിനെതിരേ പ്രതിരോധം കൈവരിക്കാൻ സാധിക്കേണ്ടതുണ്ട്. അങ്ങനെയാണെങ്കിൽ രോഗവ്യാപനം തടയാൻ എളുപ്പമാണ്.

അതേസമയം, വാക്സിൻ എടുത്തവരും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ഉൾപ്പെടെ കോവിഡ് ചട്ടങ്ങൾ പാലിക്കേണ്ടതുണ്ടെന്നും സുവൈധി ചൂണ്ടിക്കാട്ടി.