ഇത്തവണയും പ്രവാസികള്‍ക്ക് വോട്ടില്ല; എങ്കിലും പോര് ശക്തം

റിയാദ്: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ഇത്തവണയും പ്രവാസി വോട്ടവകാശം ലഭിക്കില്ല. വിവിധ രാജ്യങ്ങളിലെ പ്രവാസി വോട്ടര്‍മാര്‍ക്ക് വോട്ട് നടപ്പാക്കുന്ന രീതിയെ സംബന്ധിച്ച് നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസമാണ് ഇത്തവണ പ്രവാസികള്‍ക്ക് വോട്ട് ലഭിക്കാതെ പോകുന്നതിന്റെ പ്രധാനകാര്യം. അതേസമയം വോട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവാസ ലോകവും എത്തിക്കഴിഞ്ഞു. ഗ

കോവിഡില്‍ കുരുങ്ങി പ്രചാരണം
പ്രചാരണത്തിന് മാറ്റ് കുറയ്ക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ കോവിഡ് മാനദണ്ഡം തടസ്സമാകും. അതുകൊണ്ട് തന്നെ യോഗങ്ങളും പാര്‍ട്ടി കണ്‍വെന്‍ഷനുകളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. ഗള്‍ഫ് രാജ്യങ്ങളില്‍ കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട പാര്‍ട്ടികള്‍ക്കും പോഷക സംഘടനകളുണ്ട്. മുസ്ലിംലീഗിന്റെ കെ.എം.സിസി, കോണ്‍ഗ്രസിന്റെ ഒ.ഐ.സി.സി, സി.പി.എമ്മിന് നവോദയ, കേളി, കല ( വിവിധ പേരുകളിലാണ് ഓരോ രാജ്യങ്ങളിലും സംഘടനകള്‍ അറിയപ്പെടുന്നത്), സി.പി.ഐ നവയുഗം, കേരള അസോസിയേഷന്‍, ബി.ജെ.പി ഭാരതീയ പ്രവാസി പരിഷത്ത് തുടങ്ങി മിക്ക സംഘടനകള്‍ക്കും സജീവ പ്രവര്‍ത്തനമുണ്ട്.

വോട്ടിന് വിമാനം
വോട്ട് ചെയ്യാന്‍ പോകാന്‍ മിതമായ നിരക്കില്‍ പ്രവാസികള്‍ക്ക് ടിക്കറ്റ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കെ.എം.സി.സി. അതേസമയം ഒന്നര ലക്ഷത്തോളം മലയാളികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കോവിഡ് പ്രമാണിച്ച് നാട്ടില്‍ പോയെങ്കിലും മടങ്ങിവന്നിട്ടില്ല. ഇവര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രാജ്യങ്ങളുടെ വിലക്ക് നീക്കിയ ശേഷമെ മടങ്ങിയെത്തൂ. അതുകൊണ്ടുതന്നെ ഇവരായിരിക്കും ഇത്തവണ കുറഞ്ഞ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലെ ജയ,തോല്‍വി നിര്‍ണിയിക്കുന്നത്.

സൈബര്‍ പോരാളികള്‍
ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന രാഷ്ട്രീയ പോരാട്ടം സൈബര്‍ ഇടങ്ങളിലാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സൈബര്‍ പോരാളികളുണ്ട്. സംസ്ഥാനത്തെ ഏറ്റവും ശക്തമായ സൈബര്‍ പോരാളികള്‍ സി.പി.എമ്മിനാണ്. സി.പി.എമ്മിന്റെ കടന്നലുകള്‍ എന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ വിശേഷണത്തെയും സൈബര്‍ പോരാളികള്‍ ഏറ്റുപിടിച്ചിരുന്നു. സി.പി.എം കഴിഞ്ഞാല്‍ സൈബര്‍ പോരാളികള്‍ മുസ്ലിംലീഗിനാണ്. അതേസമയം കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍പാര്‍്ട്ടി എന്നിവയുടെ പോരാട്ടവും സൈബറിടങ്ങളിലാണ്.

ഫണ്ട് ഒഴുകും
തെരഞ്ഞെടുപ്പ് ചെലവിലേക്ക് ആവശ്യമായ തുക പിരിക്കുന്നതിലും പ്രവാസികളാണ് ഏറെ മുന്നില്‍. അതുകൊണ്ട് തന്നെ സംസ്ഥാനതലത്തിലും മണ്ഡലതലത്തിലും പ്രത്യേകം പിരിവ് നടക്കും. പ്രവാസി വിഷയങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പുകളിലേയും പോലെ ഇത്തവണയും പ്രചാരണ ആയുധമാകില്ല.

പ്രവാസി സംഘടനകള്‍
പ്രവാസികള്‍ക്ക് പാര്‍ട്ടി അംഗത്വം കൊടുത്തു തുടങ്ങിയെങ്കിലും പ്രവാസികള്‍ക്ക് ഒറ്റ സംഘടന എന്ന രീതിയിലേക്ക് സി.പി.എമ്മും സി.പിഐയും ഇതുവരെ പ്രവര്‍ത്തനം ശക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസിനും മുസ്ലിംലീഗിനും ഉള്‍പ്പാര്‍ട്ടി ഭിന്നതകള്‍ പാര്‍ട്ടികളെ ശോഷിപ്പിച്ചിട്ടുണ്ട്. ഐ.എന്‍.എല്‍, പി.ഡി.പി, എന്‍.സി.പി, കേരള കോണ്‍ഗ്രസ് തുടങ്ങിയ ചെറിയ പാര്‍ട്ടികള്‍ക്കും ഗള്‍ഫില്‍ സംഘടനകളുണ്ട്.