സൽമാൻ രാജാവും ജോ ബൈഡനും ഫോണിൽ സംസാരിച്ചു

ജിദ്ദ: യുഎസ് പ്രസിഡന്‍റായി ചുമതലയേറ്റ ജോ ബൈഡനെ ഫോണിൽ അഭിനന്ദിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ്. വ്യാഴാഴ്ചയാണ് ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ സംസാരിച്ചത്.

ഉഭയക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെയും ലോകത്തെ ആകെയും സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിനെക്കുറിച്ചും സംസാരത്തിൽ വിഷയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം അനുസ്മരിച്ച സൽമാൻ രാജാവ് സഹകരണം ശക്തിപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും പറഞ്ഞു. അറബ് മേഖലയിലെ സുപ്രധാന വിഷയങ്ങൾ സംസാരത്തിൽ പരാമർശിച്ചു.

ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങൾ സവിശേഷമായി ചർച്ചചെയ്തു. തീവ്രവാദ ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന പിന്തുണ ഉന്നയിക്കപ്പെട്ടു. സൗദിക്കെതിരേയുള്ള ഭീഷണികൾ പ്രതിരോധിക്കുന്നതിന് പിന്തുണയറിയിച്ച യുഎസ് പ്രസിഡന്‍റ് ഇറാനെ ആണവായുധങ്ങൾ കൈവശംവയ്ക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചു.

യെമനിലെ ആഭ്യന്തരയുദ്ധം സമാധാനപരമായി അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്തതായും സൂചന.