ഗ്രീൻ രാജ്യങ്ങളുടെ എണ്ണം ചുരുക്കി അബുദാബി

അബുദാബി: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി യാത്രാനടപടികളിൽ ഇളവുള്ള ഗ്രീൻ രാജ്യങ്ങളുടെ പട്ടിക ചുരുക്കി അബുദാബി. 12 രാജ്യങ്ങളുണ്ടായിരുന്നത് പത്താക്കി കുറച്ചു. ന്യൂസിലൻഡ്, സിംഗപ്പൂർ, ബ്രൂണെ, ഓസ്ട്രേലിയ, ഭൂട്ടാൻ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ്‌ലാൻഡ്, മൊറീഷ്യസ് എന്നീ രാജ്യങ്ങളാണ് പുതിയ പട്ടികയിലുള്ളത്.

രണ്ടാഴ്ച കൂടുമ്പോഴാണ് അബുദാബി ഗ്രീൻ ലിസ്റ്റ് പുതുക്കുന്നത്. ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യങ്ങൾ റെഡ് ലിസ്റ്റിലാണ് പെടുക. ഇത്തരം രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് ഐസിഎ അനുമതിക്കൊപ്പം 96 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് ഫലവും നിർബന്ധം. അബുദാബിയിൽ പത്തു ദിവസത്തെ ക്വാറന്‍റീനും നിർബന്ധം. വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ കൂടി റെഡ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ ക്വാറന്‍റീൻ പാലിക്കണം.

ഇതിനിടെ, അബുദാബി മസ്ദാർ സിറ്റിയിലെ മുബാദല ഹെൽത്ത് നെറ്റ് വർക്കിനു കീഴിൽ പുതിയ കോവിഡ് വാക്സിനേഷൻ സെന്‍റർ തുറന്നു. അമ്പതു വയസിനു മുകളിലുള്ളവർക്ക് ഇവിടെയെത്തി വാക്സിൻ സ്വീകരിക്കാം.