ഖത്തർ- യുഎഇ ബന്ധം വീണ്ടും ഊഷ്മളമാകുന്നു

ദോഹ: ഉപരോധങ്ങൾ പിൻവലിച്ചശേഷം ഇതാദ്യമായി ഖത്തറുമായി യുഎഇ ഔദ്യോഗിക ചർച്ച നട
ത്തി. കുവൈറ്റിൽ തിങ്കളാഴ്ചയാണ് ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഖത്തറിനു മേൽ മൂന്നരവർഷം നീണ്ട ഉപരോധം സൗദിയിലെ അൽഉലയിൽ നടന്ന ജിസിസി യോഗത്തിൽ പിൻവലിച്ചിരുന്നു.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായാണ് കുവൈറ്റിൽ കൂടിക്കാഴ്ച നടത്തിയത്. ജിസിസി രാജ്യങ്ങൾക്കിടയിൽ ഐക്യം ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും ചർച്ചയിൽ വിഷയമായി. സുരക്ഷ, സ്ഥിരത, വികസനം തുടങ്ങിയ കാര്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾ ഒന്നിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.ജിസിസി ഉച്ചകോടിക്ക് ആതിഥ്യമരുളിയ സൗദിക്ക് യുഎഇയുടെയും ഖത്തറിന്‍റെയും പ്രതിനിധികൾ നന്ദി അറിയിച്ചു. ഇപ്പോഴത്തെ ചർച്ചയ്ക്ക് ആതിഥ്യം വഹിച്ച കുവൈറ്റിനും നന്ദി രേഖപ്പെടുത്തി.

ബന്ധങ്ങൾ പഴയപടിയാക്കുന്നതിന്‍റെ ഭാഗമായി ഖത്തറും യുഎഇയും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിച്ചുവരുകയാണ്. വ്യോമഗതാഗതവും ചരക്കു നീക്കവും ഇതിന്‍റെ ഭാഗമായി പുനരാരംഭിച്ചിരുന്നു. ഖത്തറിൽ നിന്ന് പ്രതിദിനം രണ്ടു വിമാനസർവീസുകളാണ് ദുബായിലേക്കുള്ളത്. തിരിച്ച് ദോഹയിലേക്കുള്ള സർവീസ് ഫ്ലൈ ദുബായും ആരംഭിച്ചിരുന്നു.