കോവിഡ്: യുഎഇയിൽ ഏഴ് ഫീൽഡ് ആശുപത്രികൾ കൂടി

ദുബായ്: കോവിഡ് കേസുകൾക്കുള്ള ചികിത്സാസൗകര്യം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ യുഎഇയിൽ പുതുതായി ഏഴ് ഫീൽഡ് ആശുപത്രികൾകൂടി തുടങ്ങുന്നു. കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കുന്നതിനിടെ ആരോഗ്യവിഭാഗം വക്താവ് ഫരീദ അൽ ഹോസാനിയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ഇതുവരെ 34,8415 പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി. 60 വയസു പിന്നിട്ടവരിൽ 57 ശതമാനത്തിലേറെ പേരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. റസ്റ്ററന്‍റുകളിലെയും മറ്റും സൗകര്യങ്ങൾ ചുരുക്കിയും സാമൂഹിക അകലം പാലിക്കുന്നത് കർശനമാക്കിയും കടുത്ത നിയന്ത്രണങ്ങളിലേക്ക് രാജ്യം കടന്നതിനു പിന്നാലെയാണ് ആശുപത്രികൾ തുടങ്ങുന്നത്.

അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രജിസ്റ്റേഡ് കോവിഡ് കേസുകൾ ക്രമത്തിൽ കുറഞ്ഞുവരുന്നതായും ഫരീദ പറഞ്ഞു. രാജ്യത്ത് നടപ്പിലാക്കിയ കോവിഡ് പ്രോട്ടോക്കോൾ ഫലവത്തയാതിന് ഉദാഹരണമാണിതെന്നും അവർ ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ചത്തെ കണക്കു പ്രകാരം യുഎഇയിൽ ഇതുവരെ 37,5535 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1145 പേർ മരിച്ചു.