മനുഷ്യാവകാശ സംരക്ഷണത്തിന് സൗദിയിൽ പുതിയ പദ്ധതികൾ

റിയാദ്: ആഗോളതലത്തിൽ മനുഷ്യാവകാശം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും രാജ്യം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനായുള്ള പുതിയ പരിശീലനപദ്ധതികൾ തുടങ്ങിയതായും സൗദി മനുഷ്യാവകാശ കമ്മിഷൻ പ്രസിഡന്‍റ്. യുഎൻ സാമൂഹിക നീതി ദിനത്തിലാണ് ഡോ. അവ്വാദ് ബിൻ സലേഹ് അൽ അവ്വാദിന്‍റെ പ്രസ്താവന. രാജ്യത്തെ എല്ലാ മേഖലകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മനുഷ്യാവകാശം സംരക്ഷിക്കുന്നതിൽ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം.

മനുഷ്യാവകാശ കമ്മിഷനും അൽവാലിദ് ഫിലന്ത്രോപ്പിസും സംയുക്തമായി ആരംഭിച്ച പരിശീലന പരിപാടികളുടെ ഭാഗമായുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനിടെയാണ് അൽ അവ്വാദിന്‍റെ പ്രസ്താവന. രാജകുമാരി ലാമിയ ബിന്ദ് മജീദ് സൗദ് അൽ സൗദിന്‍റെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്. മനുഷ്യാവകാശത്തിൻമേലുള്ള യുഎൻ ഹൈക്കമ്മിഷണർ, അന്താരാഷ്ട്ര, പ്രാദേശിക മനുഷ്യാവകാശ സംഘടനാ വിദഗ്ധർ തുടങ്ങിയവർ പരിശീലന പദ്ധതി നിരീക്ഷിക്കും.

ഇത്തരം പരിശീല പദ്ധതികൾ മനുഷ്യാവകാശ, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഊർജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ടുള്ള പ്രാദേശികവും അന്താരാഷ്ട്രതലത്തിലുള്ളതുമായ സംഘടനകളോടു യോജിച്ചു പ്രവർത്തിക്കാനാകുമെന്നും അൽ അവ്വാദ് പറഞ്ഞു.