സൗദിയില്‍ കോവിഡ് സുരക്ഷാമുന്‍കരുതല്‍ പാലിക്കാത്ത ഹോട്ടലുകളും റസ്റ്ററന്റുകളും അടപ്പിച്ചുതുടങ്ങി

റിയാദ്: സൗദിയില്‍ കോവിഡ് സുരക്ഷാമുന്‍കരുതല്‍ പാലിക്കാത്ത ഹോട്ടലുകളും റസ്റ്ററന്റുകളും അടപ്പിച്ചുതുടങ്ങി. മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കാത്തതിന്, മദീനയിൽ പ്രശസ്തമായ റസ്റ്റോറന്റ് നഗരസഭ അടപ്പിച്ചു. റസ്റ്റോറന്റിനകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതായും ഭക്ഷണം വിതരണം ചെയ്യുന്നതായും മറ്റു മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാപനം അടപ്പിച്ചത്. റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലും മദീന നഗരസഭ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 
16 ദിവസത്തിനിടെ മദീന നഗരസഭ 15,600 ലേറെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്. ഇതിനിടെ 2,246 സ്ഥാപനങ്ങൾക്ക് നിയമ ലംഘനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴകൾ ചുമത്തുകയും ചെയ്തു. നിയമ ലംഘനങ്ങൾക്ക് 733 സ്ഥാപനങ്ങൾ 16 ദിവസത്തിനിടെ മദീന നഗരസഭ അടപ്പിക്കുകയും ചെയ്തു. 
തായിഫിലെ പക്ഷി മാർക്കറ്റ് (ഹറാജ്) തായിഫ് നഗരസഭ അടപ്പിച്ചു. മാർക്കറ്റിൽ വിൽപന പൂർണമായും വിലക്കി. മുൻകരുതൽ നടപടികൾ പാലിക്കാത്തതാണ് മാർക്കറ്റ് അടപ്പിക്കാൻ കാരണം. വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ കമ്മിറ്റിയുടെ പങ്കാളിത്തത്തോടെ തായിഫ് നഗരസഭാ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പക്ഷി മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഉപയോക്താക്കളും കച്ചവടക്കാരും മുൻകരുതൽ നടപടികൾ ലംഘിച്ച് തിക്കുംതിരക്കുമുണ്ടാക്കുന്നതായി ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടൻ തന്നെ അധികൃതർ സൂഖ് അടപ്പിക്കുകയായിരുന്നു.