ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈദ്യുത തൂണിലിടിച്ചു

വിജയവാഡ: ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈദ്യുത തൂണിലിടിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 64 പേരുമായി പറന്നിറങ്ങിയ വിമാനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഇലക്ട്രിക് പോളിലിടിച്ചത്. വന്‍ദുരന്തമാണ് ഒഴിവായത്.

എന്നാല്‍, യാത്രക്കാരും വിമാനജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി മധുസൂദനന്‍ റാവു പറഞ്ഞു. ദോഹയില്‍നിന്ന് എത്തിയ വിമാനത്തിലെ 19 യാത്രക്കാരെ വിജയവാഡ വിമാനത്താവളത്തില്‍ ഇറക്കുന്നതിനായി ലാന്‍ഡ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. വിമാനം റണ്‍വേയിലെ അഞ്ചാം നമ്പര്‍ ബേയിലേക്ക് പോവുമ്പോഴാണ് നിയന്ത്രണം നഷ്ടമായത്.

വിമാനത്തിന്റെ ചിറകുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ ജീവനക്കാരും സാങ്കേതിക ഉദ്യോഗസ്ഥരും അടിയന്തര നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.