അബുദാബിയിൽ പ്രതിരോധ പ്രദർശനം നാളെ മുതൽ

അബുദാബി: നാഷണൽ എക്സിബിഷൻ സെന്‍ററിലെ പ്രത്യേക വേദിയിൽ അന്താരാഷ്‌ട്ര പ്രതിരോധപ്രദർശനത്തിന് (ഐഡെക്സ്, നവെഡെക്സ് 2021) നാളെ (ഞായർ) തുടക്കമാകും. പ്രദർശന വേദിക്കു സമീപത്തെ കനാലിൽ പടക്കപ്പലുകളുടെ പ്രദർശനവും ഉണ്ടായിരിക്കും.

പ്രതിരോധ മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങൾ പ്രദർശനത്തിന്‍റെ പ്രത്യേകതയാണ്. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന പടക്കോപ്പുകളും കരയിലും വെള്ളത്തിലും ആകാശത്തും ഉപയോഗിക്കാവുന്ന സ്വയംനിയന്ത്രിത വാഹനങ്ങളും മേളയിൽ കാണാം. പ്രതിരോധ ഉടമ്പടികൾ ഒപ്പുവയ്ക്കുന്നതിനും വേദി സാക്ഷ്യംവഹിക്കും.

കളിത്തോക്കുകൾ മുതൽ ട്രക്കുകളെ വഹിക്കുന്ന കൂറ്റൻ മിസൈലുകൾ വരെ പ്രദർശനത്തിനുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. അന്തർവാഹിനികൾ, മിസൈൽ ബോട്ടുകൾ, പട്രോൾ ബോട്ടുകൾ, യുദ്ധരംഗങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, പാദരക്ഷകൾ, ഹെൽമെറ്റുകൾ, കൈയുറകൾ തുടങ്ങി വിവിധ പ്രതിരോധ ഉപകരണങ്ങൾ നേരിട്ടുകാണാനുള്ള വേദികൂടിയാണ് ഒരുങ്ങുന്നത്.

പ്രദർശനത്തിൽ 70ഓളം സ്വദേശി സ്ഥാപനങ്ങളും വിദേശത്തുനിന്നുള്ള 17 സ്ഥാപനങ്ങളും പങ്കെടുക്കും. പൊലീസ്, അഗ്നിശമന സേനയ്ക്ക് ആവശ്യമായ ഉപകരണങ്ങളും പ്രദർശനത്തിലുണ്ടാകും. വേദിക്കു സമീപം കനത്ത സുരക്ഷാവലയം തീർത്തിട്ടുണ്ട്. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തവർക്കാണ് വേദിയിൽ അനുമതിയുണ്ടാകുക. മാത്രമല്ല, ഇവർ കോവിഡ് നെഗറ്റീവ് ഫലവും ഹാജരാക്കണം.

രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രദർശനം.