ഫ്‌ളൈ ദുബായുടെ ബോയിങ് 737 വിമാനങ്ങള്‍ വീണ്ടും പറക്കാനൊരുങ്ങുന്നു

ദുബായ്: ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ( ജിസിസിഎ ) പിൻവലിച്ചു. ഇതേ തുടർന്ന് സർവീസ് പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണ് ഫ്‌ളൈദുബായ്.

സുരക്ഷാ ഭീതിയെത്തുടർന്ന് പറക്കാൻ അനുമതി നിഷേധിക്കപ്പെട്ട ബോയിങ് 737 മാക്സ് വിമാനങ്ങൾ 20 മാസം നീണ്ടുനിന്ന പരിശോധനകൾക്ക് ശേഷമാണ്  വീണ്ടും സർവീസിനെത്തുന്നത്. നിർമാതാക്കൾ, ജി സി സി എ, എയർലൈനുകൾ, പൈലറ്റുമാർ, ഗവേഷകർ, മെക്കാനിക്കുകൾ തുടങ്ങി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും ചേർന്ന് നടത്തിയ അവലോകനത്തിൽ സോഫ്റ്റ്‌വെയറിലടക്കം  വിമാനത്തിൽ വരുത്തേണ്ട ചില മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടിരുന്നു. പൈലറ്റുമാർക്ക് കൂടുതൽ പരിശീലനം നൽകേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. ഈ നിർദേശങ്ങൾ നടപ്പാക്കിയതിനു ശേഷമാവും സർവീസാരംഭിക്കുകയെന്ന് ഫ്‌ളൈദുബായ് ചീഫ് എക്സിക്യുട്ടീവ്  ഓഫീസർ ഘെയ്ത് അൽ ഘെയ്ത് പറഞ്ഞു.

11  ബോയിങ് 737 മാക്സ് 8 വിമാനങ്ങളും 3 ബോയിങ് 737 മാക്സ് 9 വിമാനങ്ങളുമാണ് ഫ്‌ളൈദുബായ്ക്കുള്ളത്.