കുവൈത്തിലേക്ക് ഫെബ്രുവരി 21 മുതൽ വീണ്ടും പ്രവേശന അനുമതി

കുവൈറ്റ് സിറ്റി: ഫെബ്രുവരി 21 ഞായറാഴ്ച മുതൽ വിവിധ  രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈത്തിലേക്ക് വീണ്ടും പ്രവേശന അനുമതി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഒരു ദിവസം ആയിരം യാത്രക്കാർ എന്ന കണക്കിൽ മാത്രമായിരിക്കും ഇതെന്നും അധികൃതർ വ്യക്തമാക്കി. അതിതീവ്ര ശേഷിയുള്ള കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം രാജ്യത്തേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം ആയിരമായി കുവൈറ്റ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ നില തൽക്കാലം തുടരാനാണ് തീരുമാനമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച്  പ്രദേശിക മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തു .

 ഇതേ സമയം ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്  ഏർപ്പെടുത്തിയ നേരിട്ടുള്ള യാത്ര നിയന്ത്രണണങ്ങൾ പഴയതുപോലെ തുടരും. ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ നേരിട്ട് യാത്രാ വിലക്കില്ലാത്ത ദുബായ് ഉൾപ്പെടയുള്ള രാജ്യങ്ങളിൽ 14 ദിവസം നിർബന്ധിത ക്വാറൻ്റെയിനിൽ കഴിഞ്ഞായിരിക്കണം രാജ്യത്തേക്ക് പ്രവേശിക്കേണ്ടത്. കുവൈറ്റ് സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ തീരുമാനം അനുസരിച്ച്, ഈ യാത്രക്കാർ രാജ്യത്ത് എത്തിയ ശേഷം  സ്വന്തം ചെലവിൽ 7 ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻ്റെയിനിൽ ഹോട്ടലിലും പിന്നീട് ഏഴു ദിവസത്തെ ഹോം  ക്വാറൻ്റെയ്നും പൂർത്തീകരിച്ചാൽ മാത്രമേ പുറത്തിറങ്ങാൻ കഴിയുകയുള്ളൂ. 72 മണിക്കൂർ സാധുതയുള്ള പിസിആർ സർട്ടിഫിക്കറ്റും കുവൈറ്റ് മുസാഫർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും അധികൃതർ യാത്രക്കാരെ ഓർമ്മിപ്പിച്ചു. എന്നാൽ വിമാന ടിക്കറ്റിനും  ക്വാറൻ്റെയിനുമൊക്കെയായി ഭീമമായ തുകയാണ് പ്രവാസികൾക്ക് നൽകേണ്ടി വരിക എന്നതാണ് ഏറെ പ്രയാസകരം.
Read more: https://www.deshabhimani.com/news/pravasi/kuwait/925194