ഒമാനിൽ കോവിഡ് ഐസിയു രോഗികൾ ഇരട്ടിയായി

മസ്ക്കറ്റ്: ഒമാനിൽ കോവിഡ് ബാധിച്ച് ഐസിയുവിൽ കഴിയുന്നവരുടെ എണ്ണം രണ്ടാഴ്ചയ്ക്കിടെ ഇരട്ടിയായി. ഗുരുതരാവസ്ഥയിലുള്ള 20 രോഗികളുണ്ടായിരുന്നിടത്ത് 41 പേരായി വർധിച്ചെന്നും കോവിഡ്- 19 വ്യാപനം ആശങ്കയുണ്ടാക്കുന്നതാണെന്നും ആരോഗ്യമന്ത്രി അഹമ്മദ് അൽ സയീദി പറഞ്ഞു. ഇബ്ര ആശുപത്രിയിൽ കോവിഡ് ഐസിയുവിൽ നൂറുശതമാനം വർധനയുണ്ടായ പശ്ചാത്തലത്തിലാണ് വടക്കൻ ഷർഖിയ ഗവർണറേറ്റ് അടച്ചതെന്നും അദ്ദേഹം.

രണ്ടാം ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ ലഭിക്കുന്നതിനുള്ള കാലതാമസം മന്ത്രാലയത്തിന്‍റെ വീഴ്ചയല്ലെന്നും ലോകവ്യാപകമായി ഇത് സംഭവിച്ചിട്ടുണ്ടെന്നും അൽ സയീദി പറഞ്ഞു. ആദ്യ ഡോസ് ഫൈസർ വാക്സിൻ എടുത്തവർക്ക് ഉടൻ തന്നെ അടുത്ത ഡോസും ലഭിക്കുമെന്നും അദ്ദേഹം.

ഇതിനിടെ, ക്വാറന്‍റീൻ ചടങ്ങളിൽ ഒമാൻ പുതിയ ഭേദഗതി വരുത്തി. 15 വയസിനു താഴയുള്ളവർക്കും 60 വയസിനു മുകളിലുള്ളവർക്കും രാജ്യത്തു പ്രവേശിക്കുന്നതിനു മുൻപ് ക്വാറന്‍റീനു വേണ്ടി ഹോട്ടലുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല. നയതന്ത്ര ആവശ്യങ്ങൾക്കു വരുന്നവർക്കും വിമാന ജീവനക്കാർക്കും ഈ ഒഴിവ് ലഭിക്കുന്നതാണ്.

ഒമാനിൽ ഇതുവരെ 1,37929 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1544 പേർ മരിച്ചു.