ഖത്തറില്‍ മാളുകളില്‍ കോവിഡ് നിയന്ത്രണം കര്‍ശനം

ഖത്തറില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളും കോവിഡ് മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി തുടങ്ങി. ഉപഭോക്താക്കളുടെ തിരക്കു നിയന്ത്രിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. പ്രവേശന കവാടത്തില്‍ ശരീര താപനിലയും ഇഹ്‌തെറാസ് പ്രൊഫൈല്‍ സ്‌റ്റാറ്റസും പരിശോധിച്ച ശേഷമാണ് പ്രവേശനം അനുവദിക്കുന്നത്.

മാസ്‌ക് ധരിക്കാത്തവര്‍, ശരീര താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ളവര്‍, മൊബൈലില്‍ ഇഹ്‌തെറാസ് ആപ്പ് ഇല്ലാത്തവര്‍ എന്നിവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ഇഹ്‌തെറാസില്‍ ആരോഗ്യനില പച്ചയെങ്കില്‍ മാത്രമേ പ്രവേശനമുള്ളു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ശാരീരിക അകലം പാലിക്കാനുള്ള ഫ്‌ളോര്‍ സ്റ്റിക്കറുകള്‍ മാത്രമല്ല അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ പതിച്ച ബോര്‍ഡുകളുമായി എല്ലായിടങ്ങളിലും സേഫ്റ്റി മാര്‍ഷലുമാരെയും നിയോഗിച്ചിട്ടുണ്ട്.