ഹൂതികളും യെമൻ സൈന്യവുമായി ഏറ്റുമുട്ടൽ; 100 പേർ കൊല്ലപ്പെട്ടു

അൽമുകല്ല: യെമൻ സൈന്യവും ഹൂതികളുമായി 48 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടു. സുപ്രധാന നഗരമായ മരിബിന്‍റെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനു വേണ്ടിയാണ് രണ്ടു ദിവസം നീണ്ട ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വക്താവ് അറിയിച്ചു.

ഹൂതികളുടെ ആക്രമണത്തെ ചെറുത്ത യെമൻ സൈന്യത്തിനു ഗോത്രവിഭാഗങ്ങളുടെയും അറബ്സഖ്യത്തിന്‍റെ പോർവിമാനങ്ങളുടെയും പിന്തുണ ലഭിച്ചു. പ്രവിശ്യയിലെ പ്രധാനകേന്ദ്രങ്ങളായ അൽ ജെദാൻ, സെർവാ, മുറാദ്, അൽ മഷ്ജാ, ഹെലൻ എന്നിവിടങ്ങളിൽ കനത്ത പോരാട്ടമുണ്ടായി. മുറാദ് പർവത നിരകളിലും അൽജെദാനിലുമാണ് ഏറ്റുമുട്ടൽ ഏറ്റവും രൂക്ഷമായതെന്ന് സൈനിക വക്താവ്. മരിബ് നഗരത്തോട് അടുത്തുകിടക്കുന്ന പ്രദേശങ്ങളിൽനിന്ന് ഹൂതികളെ തുരത്തിയതായും സൈന്യം അവകാശപ്പെട്ടു. വൻ തോതിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സെർവാ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

വൻതോതിൽ എണ്ണയും പ്രകൃതിവാതകവും ഉണ്ടെന്നു കരുതുന്ന മരിബ് പിടിച്ചെടുക്കാൻ ഏറെക്കാലമായി ഹൂതി വിമതർ ശ്രമിച്ചുവരുകയാണ്. മരിബിൽ ഹൂതികൾക്ക് ആധിപത്യം ലഭിച്ചിരുന്നെങ്കിൽ വടക്കൻ യെമൻ പൂർണമായും അവരുടെ നിയന്ത്രണത്തിലാകുമായിരുന്നു. മാത്രമല്ല, സമാധാന ശ്രമങ്ങൾക്കുള്ള ഭരണകൂട ശ്രമത്തിന് തിരിച്ചടിയാകുകയും ചെയ്യും.

ഇതുവരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് മരിബിൽ ഹൂതികൾ നടത്തിയതെന്ന് ജനറൽ മജിലി പറഞ്ഞു. വൻ പരാജയങ്ങളേറ്റിട്ടും മരിബ് പിടിച്ചെടുക്കാനുള്ള ഉറച്ച തീരുമാനവുമായണ് ഹൂതികളെന്നും അദ്ദേഹം.

അതേസമയം, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ വ്യക്തമായ കണക്ക് നൽകാൻ സൈനിക കേന്ദ്രങ്ങൾ തയാറായിട്ടില്ല.