തുടര്‍ച്ചയായ രണ്ടാം ദിവസവും സൗദിക്കെതിരെ യമന്‍ ഹൂതികളുടെ ആക്രമണശ്രമം

റിയാദ്: അബഹ വിമാനത്താവള ആക്രമണങ്ങള്‍ക്ക് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിവസവും സൗദിക്കെതിരെ യമന്‍ ഹൂതികളുടെ ആക്രമണശ്രമം. വിവിധ സമയങ്ങളിലായി വീണ്ടും ആയുധ ഡ്രോണ്‍, മിസൈല്‍ ഉപയോഗിച്ച്‌ ആക്രമണം നടത്താനുള്ള ശ്രമം നടന്നതായി അറബ് സഖ്യ സേന അറിയിച്ചു. രണ്ടു ആയുധ ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലുമാണ് സൗദിക്കെതിരെ ഹൂതികള്‍ അയച്ചത്. സൗദിയുടെ തെക്കന്‍ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമങ്ങള്‍ നടന്നത്. എന്നാല്‍, ഹൂതികളുടെ ലക്ഷ്യം കാണും മുമ്ബ് തന്നെ ഇവ തകര്‍ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തങ്ങളാണ് ഒഴിവായത്.

അതേസമയം, രാജ്യത്തെ ജനങ്ങളെയും സ്വത്തുക്കളും സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സൗദി അറേബ്യ സ്വീകരിക്കുമെന്നും അന്താരാഷ്‌ട്ര നടപടികളിലൂടെ തന്നെ ഇതിനായുള്ള മുന്‍കരുതല്‍ സ്വീകരിക്കുമെന്നും ഐക്യരാഷ്‌ട്ര സഭ സുരക്ഷ കൗണ്‍സില്‍ അംബാസിഡര്‍ അബ്ദുല്ലാഹ് അല്‍ മുഅല്ലിമി വ്യക്തമാക്കി. സഊദിക്കെതിരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ സുരക്ഷാ കൗണ്‍സില്‍ ശക്തമായി പ്രതികരിക്കണമെന്നും സഊദി അറേബ്യ ആവശ്യപ്പെട്ടു.

അബഹ വിമാനത്താവളത്തിനെതിരെ നടന്ന ആക്രമണത്തില്‍ ആഗോള തലത്തില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജര്‍മനി, ഫ്രാന്‍സ്, തുടങ്ങിയ വിവിധ രാജ്യങ്ങള്‍ സംഭവത്തില്‍ അപലപിച്ചു.