സൗദിയില്‍ കോവിഡ് സുരക്ഷ പാലിക്കാത്ത കടകള്‍ അടച്ചുപൂട്ടി, 10 പള്ളികള്‍ അടച്ചു

റിയാദ്: സൗദിയില്‍ കോവിഡ് സുരക്ഷ ശക്തമാക്കി. വ്യാപാര സ്ഥാപനങ്ങളിലും പള്ളികളിലും പരിശോധന തുടരുന്നു. അതേസമയം നിയമം തെറ്റിക്കുകയും വേണ്ടത്ര സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതില്‍ അലംഭാവം കാട്ടുകയും ചെയ്ത സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി.
കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പള്ളികളും താല്‍ക്കാലികമായി അടച്ചു. 10 പള്ളികളാണ് ഇന്നലെ അടച്ചത്. ഈ മസ്ജിദുകളില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്ത പതിനഞ്ചു പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിക്കുകയും വാദിദവാസിറില്‍ മുഅദ്ദിന്‍ കൊറോണ ബാധിച്ച് മരണപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണിത്.
ഇതോടെ മൂന്നു ദിവസത്തിനിടെ രാജ്യത്ത് അടച്ച മസ്ജിദുകളുടെ എണ്ണം 32 ആയി. അണുനശീകരണ ജോലികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇതില്‍ 13 മസ്ജിദുകള്‍ മന്ത്രാലയം തുറന്നു.
രണ്ടു കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മക്ക പ്രവിശ്യയില്‍ രണ്ടു മസ്ജിദുകളും അല്‍ജൗഫ് പ്രവിശ്യയില്‍ രണ്ടു മസ്ജിദുകളും ജിസാന്‍ പ്രവിശ്യയിലെ അബൂഅരീശില്‍ രണ്ടു മസ്ജിദുകളും ഇന്നലെ അടച്ചു. മദീന അല്‍ഹിജ്റ ഡിസ്ട്രിക്ടില്‍ ഒരു മസ്ജിദും അറാറില്‍ ഒരു പള്ളിയും അല്‍ഹസയില്‍ ഒരു മസ്ജിദും അസീര്‍ പ്രവിശ്യയിലെ സറാത്ത് ഉബൈദയില്‍ ഒരു മസ്ജിദുമാണ് അടച്ചതെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം പറഞ്ഞു.
ഫെബ്രുവരി എട്ടിന് നഗരസഭകളും ബലദിയകളും നടത്തിയ പരിശോധനകളില്‍ 796 സ്ഥാപനങ്ങള്‍ അടപ്പിച്ചു. തിങ്കളാഴ്ച 18,424 സ്ഥാപനങ്ങളിലാണ് നഗരസഭകള്‍ പരിശോധനകള്‍ നടത്തിയത്. ഇതിനിടെ 3,275 നിയമലംഘനങ്ങള്‍ കണ്ടെത്തി.
അണുനാശിനി ലഭ്യമാക്കാതിരിക്കല്‍, മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തവര്‍ക്ക് പ്രവേശനം നല്‍കല്‍, ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ശരീര ഊഷ്മാവ് പരിശോധിക്കാതിരിക്കല്‍, ഷോപ്പിംഗ് ട്രോളികള്‍ അണുവിമുക്തമാക്കാതിരിക്കല്‍ എന്നിവ അടക്കമുള്ള നിയമലംഘനങ്ങളാണ് വ്യാപാര സ്ഥാപനങ്ങളില്‍ കണ്ടെത്തിയതെന്ന് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം അറിയിച്ചു.