യുഎഇയിലെത്തുന്നവരുടെ പാസ്പോർട്ടിൽ പതിയും ഹോപ്പ് പ്രോബ് മുദ്ര

ദുബായ്: ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ച് ചരിത്രത്തിലേക്കു ചുവടുവച്ച സുവർണനിമിഷത്തെ മായാത്ത മുദ്രയാക്കാനുറച്ച് യുഎഇ. ചൊവ്വാ ഭ്രമണപഥം തൊട്ട അഞ്ചു രാജ്യങ്ങളുടെ ക്ലബ്ബിൽ പ്രവേശിച്ചതിന്‍റെ സന്തോഷം യുഎഇയിലെത്തുന്നവരെക്കൂടി ഓർമിപ്പിക്കുകയാണ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെത്തുന്നവരുടെ പാസ്പോർട്ടിൽ ചൊവ്വാ ദൗത്യ പേടകമായ ഹോപ്പ് പ്രോബിന്‍റെ മുദ്ര പതിച്ചാണ് അഭിമാന നിമിഷത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്.

ഹോപ്പ് പ്രോബിന്‍റെ ചുവന്ന മുദ്രയ്ക്കൊപ്പം “നിങ്ങൾ ഇവിടെയെത്തിയപ്പോൾ രാജ്യം ചൊവ്വയിലുമെത്തിക്കൊണ്ടിരിക്കുന്നു, 9.2.2021 ‘ എന്നെഴുതിയ മുദ്രയാണ് പാസ്പോർട്ടുകളിൽ പതിക്കുന്നത്.

ചൊവ്വാഴ്ച രാത്രിയോടെ, ഹോപ്പ് പ്രോബ് ചൊവ്വാ ഭ്രമണപഥത്തിലെത്തിയതിനു പിന്നാലെ രാജ്യമെമ്പാടും ആഘോഷങ്ങൾ തുടങ്ങിയിരുന്നു. യുഎഇക്കു പുറത്ത് അറബ് ലോകവും ഈ വിജയത്തെ നെഞ്ചേറ്റി. വിവിധ രാഷ്ട്ര നേതാക്കൾ അറബ് ജനതയുടെ നേട്ടമായി ദൗത്യത്തെ വാഴ്ത്തി.