പതിനാറു വര്‍ഷത്തിനു ശേഷം മാതാപിതാക്കളുടെ പുനര്‍വിവാഹം നടത്തി സൗദി യുവാവ്

റിയാദ്: പതിനാറു വര്‍ഷത്തിനു ശേഷം മാതാപിതാക്കളുടെ പുനര്‍വിവാഹം നടത്തി സൗദി യുവാവ്. തുര്‍ക്കി മുഹമ്മദ് സ്വദഖ എന്ന യുവാവാണ് വേര്‍പിരിഞ്ഞ മാതാപിതാക്കളെ ഒന്നിപ്പിച്ചത്.

തുര്‍ക്കി സ്വദഖയും ഭാര്യയും സഹോദരങ്ങളും ചേര്‍ന്ന് നടത്തിയ നിരന്തര ശ്രമങ്ങളിലൂടെയാണ് പതിനാറു വര്‍ഷം മുമ്പ് വിവാഹ മോചിതരായ മാതാപിക്കളെ പുനര്‍വിവാഹത്തിന് സമ്മതിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാതാപിതാക്കളുടെ പുനര്‍വിവാഹം നടന്നതെന്ന് തുര്‍ക്കി സ്വദഖ പറഞ്ഞു. പിതാവിനെ വീണ്ടും വിവാഹം കഴിച്ച് ദാമ്പത്യ ജീവിതം പുനരാരംഭിക്കാന്‍ മാതാവായ ഇഫ്തിഖാര്‍ ഹസന്‌ സമ്മതമായിരുന്നില്ല. എന്നാല്‍ മക്കളുടെ നിര്‍ബന്ധത്തിന് ഒടുവില്‍ മാതാവ് വഴങ്ങി.

ഭാര്യ കുടുംബത്തില്‍ തിരിച്ചെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് സ്വദഖയും പറഞ്ഞു. തനിക്കും ഭാര്യക്കുമിടയില്‍ അനുരഞ്ജനമുണ്ടാക്കുന്നതില്‍ മക്കള്‍ വലിയ ശ്രമങ്ങളാണ് നടത്തിയതെന്നും മുഹമ്മദ് സ്വദഖ പറഞ്ഞു.