കുവൈറ്റിൽ ക്വാറന്‍റീൻ ലംഘിക്കുന്നവരെ നാടുകടത്തും

കുവൈറ്റ് സിറ്റി: ക്വാറന്‍റീൻ ചട്ടങ്ങൾ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് കുവൈറ്റ് അധികൃതർ. കോവിഡ് ബാധിതരായിരിക്കെ ചടങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കും ക്വാറന്‍റീൻ കാലാവധി പൂർത്തിയാക്കും മുൻപ് തൊഴിലിടങ്ങളിലെത്തുന്നവർക്കും നിയമം ബാധകമായിരിക്കും. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട സമിതിയുടെ മേധാവി റിട്ട. ലഫ്റ്റനന്‍റ് ജനറൽ അബ്ദുൾ ഫത്താഹ് അൽ അലിയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാത്ത തൊഴിലാളികൾക്ക് ആദ്യം 500 ദിനാറും കുറ്റം ആവർത്തിച്ചാൽ 1000 ദിനാറുമാണ് പിഴ. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വദേശികൾക്ക് രണ്ടുതവണ മുന്നറിയിപ്പ് നൽകും. ആവർത്തിച്ചാൽ നിയമലംഘകരുടെ പട്ടികയിൽ ഉൾപ്പെടുത്തും. വീണ്ടും ആവർത്തിച്ചാൽ കർശന ശിക്ഷാ നടപടികൾ കൈക്കൊള്ളും.

കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സഹകരണം ഫത്താഹ് അലി അഭ്യർഥിച്ചു.