ട്രാഫിക്ക് സിഗ്‌നൽ അവഗണിച്ചാൽ പിഴ 51,000 ദിർഹം

അബുദാബി: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിനെതിരേ കർശന നിയമവുമായി അബുദാബി പൊലീസ്. കനത്ത പിഴയും വാഹനം കണ്ടുകെട്ടുന്നതുൾപ്പെടെ ശിക്ഷകളുമുണ്ടായിരിക്കുമെന്ന് പൊലീസ് അറിയിപ്പു നൽകി. റെഡ് ലൈറ്റ് സിഗ്‌നൽ ലംഘിച്ചാൽ 51000 ദിർഹം വരെ പിഴ ഈടാക്കും. പൊതുനിരത്തിൽ വാഹനങ്ങൾ മത്സരയോട്ടം നടത്തിയാൽ പിഴ 50000 ദിർഹം വരെ.

പ്രധാനമായും അഞ്ചു ട്രാഫിക് നിയമലംഘനങ്ങൾക്കാണ് കൂടിയ ശിക്ഷ നൽകുക. ഇതിൽ ആദ്യ രണ്ടു വിഭാഗമാണ് റെഡ് ലൈറ്റ് ലംഘിക്കുന്നതും മത്സരയോട്ടവും. നിരുത്തരവാദപരമായ ഡ്രൈവിങ്ങിനെത്തുടർന്ന് അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമങ്ങൾ. കണ്ടുകെട്ടിയ വാഹനങ്ങൾ നിശ്ചിതസമയത്തിനകം പിഴയൊടുക്കി തിരിച്ചെടുത്തിട്ടില്ലെങ്കിൽ ലേലം ചെയ്യുന്നതായിരിക്കുമെന്നും പൊലീസ്.

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ ഒറ്റനോട്ടത്തിൽ: റെഡ് ലൈറ്റ് പാലിക്കാതിരിക്കലിന് 1000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്‍റ്സ്, ആറുമാസം ലൈസൻസ് മരവിപ്പിക്കൽ, 30 ദിവസത്തേക്ക് വാഹനം കസ്റ്റഡിയിലെടുക്കൽ. വാഹനം വിട്ടുകിട്ടുന്നതിന് 50000 ദിർഹം പിഴ.

പൊലീസ് വാഹനവുമായി കൂട്ടിയിടിക്കുകയോ പൊലീസ് വാഹനത്തിന് കേടുവരുത്തുകയോ ചെയ്താൽ വാഹനം കസ്റ്റഡിയിലെടുക്കും. വിട്ടുകിട്ടാൻ 50000 ദിർഹം പിഴയും പൊലീസ് വാഹനത്തിന്‍റെ കേടുപാടുകൾ തീർത്തുനൽകലും.

അനുമതിയില്ലാതെ റോഡിലൂടെയുള്ള മത്സരയോട്ടം- 50,000 ദിർഹം.

ലൈസൻസില്ലാതെ വാഹനമോടിക്കൽ- 50,000 ദിർഹം.

ഡ്രൈവറുടെയോ മറ്റുള്ളവരുടെയോ ജീവന് ഭീഷണിയാകുന്ന രീതിയിലുളള ഡ്രൈവിങ്- 50,000 ദിർഹം.

ചേസിലോ എൻജിനിലോ അനധികൃതമായി മാറ്റം വരുത്തൽ- 10,000 ദിർഹം.

പത്തുവയസിൽ താഴെയുള്ള കുട്ടികളെ ഫ്രണ്ട് സീറ്റിൽ ഇരുത്തിയാൽ- 5000 ദിർഹം.

അമിതവേഗം കൊണ്ടോ അപ്രതീക്ഷിതമായി വണ്ടി വെട്ടിക്കുന്നതുകൊണ്ടോ ആവശ്യമായ ദൂരം പാലിക്കാത്തതുകൊണ്ടോ ഉണ്ടാകുന്ന അപകടങ്ങൾ – 5000 ദിർഹം.

നിശ്ചിത വേഗമായ മണിക്കൂറിൽ 60 കിലോമീറ്റർ ലംഘിച്ചാൽ- 5000 ദിർഹം.