സൗദി പതാകയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ ഒരു വര്‍ഷം തടവ് ശിക്ഷയും 3000 റിയാല്‍ പിഴയും

സൗദി അറേബ്യയുടെ ദേശീയ പതാകയില്‍ നിന്ന് വാളിന്റെ ചിത്രം നീക്കം ചെയ്യാനുള്ള സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ മലയാളികള്‍ പ്രതികരിക്കരുത്.

റിയാദ്: സൗദി അറേബ്യയില്‍ ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തുകയോ മോശമാക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷയും 3000 റിയാല്‍ പിഴയും. ആര്‍ട്ടിക്കിള്‍ 20 കിങ്ടം ഫ്‌ളാഗ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.
സൗദി അറേബ്യന്‍ പതാകയില്‍ നിന്ന് വാളിന്റെ ചിത്രം നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു. ഇതില്‍ നിരവധി മലയാളികളും നിയമത്തിന്റെ കുരുക്ക് അറിയാതെ പ്രതികരിച്ചു. ഒരു രാജ്യത്ത് താമസിക്കുന്നവര്‍ ആ രാജ്യത്തെ നിയമവും ചിഹ്നങ്ങളും അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.


സൗദി എഴുത്തുകാരന്‍ ഫഹദ് അമീര്‍ അല്‍ അഹ്മദിയാണ് ട്വിറ്ററില്‍ ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്. വാളിന്റെ ചിത്രം രാജ്യത്തിന്റെ നിലവിലെ നയങ്ങളുമായി ഒത്തുപോകില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇപ്പോഴും ഈ കാലഘട്ടത്തിലും അത് നന്നല്ലെന്ന് മാത്രമല്ല, മതത്തില്‍ ബലപ്രയോഗമില്ലെന്ന ഖുര്‍ആന്‍ വാക്യത്തിന് ഇത് എതിരാണ്. കൂടാതെ, ഇത് നീക്കം ചെയ്യുന്നതിലൂടെ അക്രമത്തിനെതിരായ നമ്മുടെ അപലപനത്തെ സജീവമാക്കുകയും ഇസ്ലാമിനെതിരായ അനാവശ്യ വിവാദങ്ങളെ ദുര്‍ബലപ്പെടുത്തും-അഹ്മദി പറഞ്ഞു. സൗദി പതാക ഇതിനകം ആറ് തവണ മാറ്റിയിട്ടുണ്ടെന്നും രണ്ട് പതിപ്പുകളില്‍ വാളിന്റെ ചിത്രം വഹിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വാള്‍ അക്രമത്തേയല്ല ശക്തിയേയാണ് പ്രതിനിധീകരിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.’വാള്‍ ശക്തിയുടെയും നീതിയുടെയും പ്രതീകമാണ്, സൗദി ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ്,-സതം ബിന്‍ ഖാലിദ് അല്‍സൗദ് രാജകുമാരന്‍ അഭിപ്രായപ്പെട്ടു.