ദുബായ് മാളുകളിലും ഹോട്ടലുകളിലും ഇന്നു മുതൽ നിയന്ത്രണം

ദുബായ്: കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ദുബായിലെ മാളുകളിലും ഹോട്ടലുകളിലും പ്രവേശിക്കുന്നവരുടെ എണ്ണം ഇന്നു മുതൽ കർശനമായി നിയന്ത്രിക്കും. ബാറുകളും പബുകളും പൂർണമായും അടച്ചിടും. സിനിമാ തിയറ്ററുകളും റസ്റ്ററുന്‍റുകളും കടുത്ത നിയന്ത്രണത്തിനു വിധേയമായി മാത്രം പ്രവർത്തിക്കും.

തിങ്കളാഴ്ച ദുബായിൽ കോവിഡ് ബാധിച്ച് ഒമ്പതു പേർ മരിച്ചിരുന്നു. പുതുതായി 273 കേസുകളും റിപ്പോർട്ട് ചെയ്തു. ഈ മാസം അവസാനം വരെ നിയന്ത്രണങ്ങൾ തുടർന്നേക്കുമെന്ന് ദുബായ് ദുരന്തനിവാരണ സമിതി അറിയിച്ചു.

സിനിമ തിയറ്ററുകളിലും ഇൻഡോർ സ്റ്റേഡിയങ്ങളിലും പകുതി സീറ്റുകളിൽ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഹോട്ടലുകളിലും മാളുകളിലും പ്രവേശിക്കുന്നവരുടെ എണ്ണം ഇപ്പോഴുളതിന്‍റെ പകുതിയായി കുറയ്ക്കാനും നിർദേശം. റസ്റ്ററന്‍റുകളും കഫേകളും പുലർച്ചെ ഒരുമണിവരെ പ്രവർത്തിക്കാം.

പൊതു ഇടങ്ങളിൽ പരിശോധന കർശനമാക്കുമെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ഈടാക്കുമെന്നും അധികൃതർ. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെക്കുറിച്ച് വിവരം നൽകാൻ പൊതുജനങ്ങളോട് ദുബായ് പൊലീസ് കഴിഞ്ഞദിവസം അഭ്യർഥിച്ചിരുന്നു. വൈറസിനെതിരേയുള്ള പോരാട്ടത്തിൽ പ്രതിരോധ പ്രോട്ടോക്കോളുകളും ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങളും പാലിക്കുക മാത്രമേ വഴിയുള്ളൂവെന്ന് ദുരന്തനിവാരണ സമിതി അറിയിച്ചു.

യുഎഇയിൽ ഇതുവരെ ആകെ കോവിഡ് രോഗികളുടെ എണ്ണം 306339 ആയി. മരണസംഖ്യ 859. അതേസമയം, പ്രതിരോധ വാക്സിൻ വിതരണത്തിൽ വലിയ പുരോഗതിയാണ് എമിറേറ്റ് കൈവരിച്ചിരിക്കുന്നത്. 106615 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്സിൻ സ്വീകരിച്ചത്. രാജ്യത്ത് ആകെ 30.5 ലക്ഷം പേർ പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടുണ്ട്.