ദമ്മാം: ദമ്മാമില്‍ വന്‍ ലഹരിമരുന്നുവേട്ട. ദമ്മാമിലെ കിങ് അബ്ദുല്‍ അസീസ് തുറമുഖം വഴി കടത്താന്‍ ശ്രമിച്ച ലഹരിമരുന്നുകളാണ് പിടികൂടിയത്. കസ്റ്റംസ് അധികൃതരുടെ സഹായത്തോടെ സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് 14 ദശലക്ഷം ലഹരിമരുന്നുകള്‍ കണ്ടെത്തിയത്. കസ്റ്റംസിെന്റ പതിവ് സ്കാനിങ് പരിശോധനക്കിടെയാണ് ലഹരിവസ്തുക്കള്‍ ശ്രദ്ധയില്‍പെട്ടത്.
മരത്തടികളില്‍ പ്രത്യേകം അറകളുണ്ടാക്കി അതിനകത്ത് ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചു കടത്താനായിരുന്നു പദ്ധതിയെന്ന് സൗദി കസ്റ്റംസ് സുരക്ഷ വിഭാഗം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍നഈം പറഞ്ഞു. ഗുളികയുടെ ആകൃതിയിലുള്ള 14.5 ദശലക്ഷം ലഹരിവസ്തുക്കളാണ് പിടികൂടിയത്. വിവിധ തരത്തില്‍ സൗദിയിലേക്ക് ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പിടികൂടിയവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.