സൗദിയില്‍ വീണ്ടും കോവിഡ് കേസുകള്‍ കൂടുന്നു

റിയാദ്​: സൗദിയില്‍ വീണ്ടും കോവിഡ് കേസുകള്‍ കൂടുന്നു. ഇന്ന് 270 പേര്‍ക്ക് കോവിഡ് ബാധിച്ചു. ശനിയാഴ്​ച 105 പേര്‍ക്കാണ്​ റിയാദില്‍ മാത്രമായി രോഗം സ്ഥിരീകരിച്ചത്​. 293 പേര്‍ കൂടി കോവിഡ്​ മുക്തരായി. രാജ്യത്ത്​ വിവിധയിടങ്ങളിലായി നാലു മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തു. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 367813 ഉം രോഗമുക്തരുടെ എണ്ണം 359299 ഉം ആയി. ആകെ മരണസംഖ്യ 6372 ആയി ഉയര്‍ന്നു.

അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2142 ആയി കുറഞ്ഞു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 352 ആണ്​​​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകള്‍: റിയാദ്​ 105, കിഴക്കന്‍ പ്രവിശ്യ 66, മക്ക 40, മദീന 16, അസീര്‍ 9, അല്‍ബാഹ 8, ഖസീം 6, വടക്കന്‍ അതിര്‍ത്തി മേഖല 6, ഹാഇല്‍ 4, നജ്​റാന്‍ 3, അല്‍ജൗഫ്​ 3, തബൂക്ക്​ 3, ജീസാന്‍ 1.