ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാനസര്‍വീസ് ഫെബ്രുവരി രണ്ടാംവാരം മുതല്‍?

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് എയര്‍ ബബിള്‍ കരാര്‍ ഫെബ്രുവരി ആദ്യവാരം പ്രാപല്യത്തില്‍ വന്നേക്കും. രണ്ടാംവാരം മുതല്‍ വിമാനസര്‍വീസ് ആരംഭിക്കും. ഇതു സംബന്ധിച്ച് ഇന്ത്യയിലെ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയും ബംഗ്ലാദേശുമായുള്ള എയര്‍ ബബ്ള്‍ കരാര്‍ പുതുക്കാനും പദ്ധതിയുണ്ട്. ശ്രീലങ്കയുമായി പുതിയ കരാര്‍ നിലവില്‍ വരും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഏവിയേഷന്‍ ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തിവരികയാണ്. സൗദി അറേബ്യയുമായി കരാര്‍ ഏര്‍പ്പെടണമെന്ന് രാജ്യത്തെ മിക്ക വിമാനക്കമ്പനികളും ആവശ്യപ്പെട്ടിരിക്കുകയാണ്.
അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, കാനഡ, എത്യോപ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറാഖ്, ജപ്പാന്‍, കെനിയ, കുവൈറ്റ്, മാലിദ്വീപ്, നേപ്പാള്‍, നെതര്‍ലാന്റ്‌സ്, നൈജീരിയ, ഒമാന്‍, ഖത്തര്‍, റുവാണ്ട, ടാന്‍സാനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം, ഉക്രെയ്ന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നിവയുമായി രാജ്യം ഇതുവരെ എയര്‍ ബബിള്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നൂറു രാജ്യങ്ങളിലെങ്കിലും ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാനാകുന്ന തരത്തിലേക്കാണ് വ്യോമഗതാഗത മന്ത്രാലയത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
അതേസമയം സൗദി യാത്രാ വിലക്ക് പൂര്‍ണമായും നീക്കുന്നത് മേയ് 17ലേക്ക് മാറ്റിയതോടെ എയര്‍ബബിള്‍ കരാറില്‍ പ്രതീക്ഷിച്ചാണ് പ്രവാസികള്‍ കാത്തിരിക്കുന്നത്.