ദുബായ്- കേരളം ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ച് എയർഇന്ത്യ

അബുദാബി: എയർഇന്ത്യ ദുബായ്- കേരളം വിമാനടിക്കറ്റ് നിരക്കിൽ വൻ കുറവ്. നികുതി ഉൾപ്പെടെ 310 ദിർഹമാണ് ഏറ്റവും കുറഞ്ഞ ചാർജ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്റ്ററുകളിലേക്കാണ് നിരക്ക് കുത്തനെ കുറഞ്ഞത്. കുറഞ്ഞ നിരക്കിൽ 30 കിലോഗ്രാം ബാഗേജും ഡ്യൂട്ടി ഫ്രീ സാധനങ്ങൾ ഉൾപ്പെടെ എട്ടു കിലോഗ്രാം ഹാൻഡ് ബാഗേജും അനുവദിക്കും.

ബിസിനസ് ക്ലാസിൽ 1230 ദിർഹം മുതലാണ് ടിക്കറ്റ്. 40 കിലോഗ്രാം ബാഗേജും 12 കിലോഗ്രാം ഹാൻഡ് ബാഗും കൊണ്ടു പോകാം. ഇക്കണോമി, ബിസിനസ് ക്ലാസ് യാത്രകളിൽ ലാപ്പ് ടോപ്പും കരുതാം. മാർച്ച് 31 വരെ ഇതേ നിരക്കായിരിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യ- യുഎഇ എയർബബ്ൾ കരാർ അനുസരിച്ച് തിങ്കളാഴ്ച കൊച്ചിയിൽനിന്ന് ദുബായിലേക്കും ഞായറാഴ്ച കൊച്ചിയിൽനിന്ന് ദുബായിലേക്കുമാണ് സർവീസ്.

ദുബായ് – കോഴിക്കോട് ബുധാനഴ്ചയും കോഴിക്കോട്- ദുബായ് വെള്ളിയാഴ്ചയും സർവീസുണ്ട്. ദുബായ് – തിരുവനന്തപുരം ചൊവ്വാഴ്ചയും ദുബായ് – കണ്ണൂർ ഞായറുമാണ് സർവീസ്. ഇവിടങ്ങളിൽനിന്ന് തിരിച്ചു സർവീസില്ല. ദുബായിൽനിന്ന് കേരളത്തിലേക്ക് ആർടിപിസിആർ പരിശോധന ആവശ്യമില്ല.