കർശന നിയന്ത്രണത്തിൽ ഖത്തർ ദേശീയ കായികദിനാഘോഷം

ദോഹ: ഇൻഡോർ വേദികളിലെ പരിപാടികൾ പൂർണമായും ഒഴിവാക്കി ദേശീയ കായിക ദിനം ആഘോഷിക്കാനൊരുങ്ങി ഖത്തർ. ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച ദേശീയ കായികദിനമായി ആചരിച്ചു വരുന്ന ഖത്തർ പക്ഷേ, ഇത്തണ ഫെബ്രുവരി ഒമ്പതിനാണ് പരിപാടി സംഘടിപ്പിക്കുക. നേരിട്ടു സമ്പർക്കം പുലർത്തേണ്ടുന്ന കായിക ഇനങ്ങളിൽ പങ്കെടുക്കുന്നവർ കോവിഡ് പരിശോധന നിർബന്ധമായും നടത്തണം.

കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്ന പരിപാടിയിൽ പുറംവേദികൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ദേശീയ കായിക ദിനം സംഘാടക കമ്മിറ്റി അറിയിച്ചു. ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നവർ നിർബന്ധമായും പിസിആർ പരിശോധന നടത്തണം. മത്സരത്തിന് 72 മണിക്കൂർ മുൻപ് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ട് നൽകണം. അതേസമയം, നടത്തം, സൈക്ക്ളിങ്, കടലിലെ ഗെയിമുകൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നവർക്ക് പരിശോധനാ റിപ്പോർട്ട് വേണ്ട.

വേദികളിലെ ഭക്ഷണശാലകളിൽ ടെയ്ക്ക് എവേ കൗണ്ടറുകൾ മാത്രമേ അനുവദിക്കൂ. നിശ്ചിത അകലം പാലിച്ചു വേണം ഭക്ഷണം കഴിക്കാൻ. ബുഫെ അനുവദിക്കില്ല. നിശ്ചിത ക്യൂവിൽ നിന്നുവേണം ഭക്ഷണം വാങ്ങാൻ.

വേദികളിൽ 30 ശതമാനം കാണികളെ മാത്രമേ അനുവദിക്കൂ. കാണികൾ തമ്മിൽ പാലിക്കേണ്ട അകലം ഒന്നര മീറ്റർ. താപനില പരിശോധിച്ചു മാത്രം പ്രവേശനം. എല്ലാ കാണികൾക്കും മാസ്ക് നിർബന്ധം. ഗാലറികളിൽ പാട്ടും ഡാൻസും അനുവദിക്കില്ല.