ഇസ്രയേലിന്‍റേത് മന:ശാസ്ത്ര യുദ്ധം; രാജ്യം പ്രതിരോധ സജ്ജം: ഇറാൻ

Israel Iran financial, diplomatic crisis concept. vector illustration.

ടെഹ്റാൻ: ഇറാനെ ആക്രമിച്ചേക്കുമെന്ന ഇസ്രയേൽ ഭീഷണി മനശാസ്ത്രയുദ്ധത്തിന്‍റെ രീതിയാണെന്നും ഏതുതരത്തിലുള്ള ആക്രമണത്തയും പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്നും ഇറേനിയൻ ഉന്നത നേതാവ്. ആക്രമണപദ്ധതികളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഇസ്രയേൽ സൈനിക മേധാവി ജനറൽ അവിവ് കൊക്കാവിയുടെ പ്രസ്താവനയ്ക്കു തൊട്ടു പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചത്. തങ്ങൾക്ക് യുദ്ധത്തിലേക്കു പോകാൻ യാതൊരു താത്പര്യവുമില്ലെന്നും അതേസമയം, രാജ്യസുരക്ഷ പ്രധാനമാണെന്നും ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനിയുടെ മുതിർന്ന സ്റ്റാഫിൽപ്പെടുന്ന മഹ്മൂദ് വയേസി പറഞ്ഞു.

അടുത്തിടെ ഇറാൻ നടത്തിയ സൈനിക ശക്തിപ്രകടനങ്ങളെയും മിസൈൽ, ഡ്രോൺ കരുത്തിനെയും ചൂണ്ടിക്കാട്ടിയായിരുന്നു വയേസിയുടെ പ്രതികരണം. ഇറാനെ പ്രതിരോധിക്കാൻ പ്രാപ്തമായ പരിശീലനം സായുധ സൈന്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍റെ ആണവപദ്ധതിക്കെതിരേ രാഷ്ട്രീയ തീരുമാനമുണ്ടായാൽ ഉടൻ ആക്രമണം നടത്താവുന്നതരത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്തെന്നായിരുന്നു അവിവ് ചൊവ്വാഴ്ച പറഞ്ഞത്. തീരുമാനങ്ങൾ രാഷ്ട്രീയതലത്തിലാണ് ഉണ്ടാകേണ്ടതെന്നും സൈന്യം ഏതുനിമിഷവും പോരാടാൻ ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പുതുതായി ചുമതലയേറ്റ യുഎസ് പ്രസിഡന്‍റ് ജോ ബെയ്ഡൻ ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചു പരാമർശിച്ചതിനു പിന്നാലെയാണ് ഇസ്രേലി സൈന്യാധിപന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയം.