അഞ്ച് വര്‍ഷത്തിനകം സൗദി പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ട് നാല് ലക്ഷം കോടി റിയാലാക്കും

റിയാദ്: അഞ്ച് വര്‍ഷത്തിനകം സൗദി പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ട് നാല് ലക്ഷം കോടി റിയാലാക്കും. 2025 ആകുമ്ബോഴേക്കും ഫണ്ടിന്റെ ആസ്തി 4 ലക്ഷം കോടി റിയാല്‍ ആക്കുകയാണ് ലക്ഷ്യമെന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളില്‍ ഒന്നാക്കി ഇതിനെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിന്റെ ചെയര്‍മാനാണ് ബിന്‍ സല്‍മാന്‍.

അടുത്ത പത്ത് വര്‍ഷം പുതിയ മേഖലകളിലേക്ക് നിക്ഷേപിക്കുന്നതിന് 3 ലക്ഷം കോടി റിയാല്‍ ഉപയോഗിക്കാനാണ് തീരുമാനം. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. വിവിധ മേഖലകളില്‍ നിന്ന് വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചവല്‍സര പദ്ധതി. സൗദിയുടെ പ്രധാന വരുമാനം എണ്ണയാണ്. എന്നാല്‍ എണ്ണവില കുറയുന്ന വേളയില്‍ രാജ്യം പ്രതിസന്ധിയിലാകുന്നു. ഈ സാഹചര്യം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ മേഖലകളില്‍ നിന്നുള്ള വരുമാനം സൗദി നോട്ടമിടുന്നത്.

സൗദിയിലേക്ക് വന്‍തോതില്‍ നിക്ഷേപം സ്വീകരിക്കാനാണ് ശ്രമം. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് ക്രമേണയുള്ള വളര്‍ച്ച പ്രകടമാണ്. 2015ല്‍ ഫണ്ടിലെ ആസ്തി 15000 കോടി റിയാല്‍ ആയിരുന്നു. 2020 ആയപ്പോഴേക്കും ഒന്നര ലക്ഷം കോടി റിയാലായി ഉയര്‍ന്നു. 2025ല്‍ ഇത് നാല് ലക്ഷം കോടി റിയാലാക്കുകയാണ് ബിന്‍ സല്‍മാന്റെ ലക്ഷ്യം. 2030 ആകുമ്ബോഴേക്കും 7.5 ലക്ഷം കോടി റിയാല്‍ ആക്കാനും പദ്ധതിയിടുന്നു. അതിന് വേണ്ടിയാണ് വിവിധ മേഖലകളില്‍ നിക്ഷേപത്തിന് ശ്രമിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി 18 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. 2020ലെ കണക്കു പ്രകാരം 331000 തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. അഞ്ചു വര്‍ഷം കൊണ്ട് വന്‍ കുതിച്ചുചാട്ടമാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.